ലോസ് ഏഞ്ചൽസ്: തെക്കൻ കാലിഫോർണിയ തീരത്തുണ്ടായ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ലോസ് ഏഞ്ചൽസ് മേഖലയിലെ കെട്ടിടങ്ങൾക്ക് കേടുപാടു സംഭവിക്കുകയും നഗരത്തിലെ വിമാനത്താവളത്തിന്റെ ജനലുകൾ തകരുകയും ചെയ്തു. ഭൂചലനത്തെ തുടർന്ന് ഡെൽറ്റ എയർലൈൻസ് വിമാനത്തിന് ലാൻഡിംഗ് ഉപേക്ഷിക്കേണ്ടി വന്നു.
ഭൂചലനം ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി. റൺവേയിലേക്ക് അടുത്തുകൊണ്ടിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തോട് വളരെ പെട്ടെന്ന് ലാൻഡിംഗ് ഉപേക്ഷിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. വിമാനത്താവളത്തിലേക്ക് അടുത്തുകൊണ്ടിരുന്ന വിമാനം വീണ്ടും ഉയർന്നുപൊങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭൂചലനത്തിൽ റൺവേയിൽ വിള്ളലുകളോ മറ്റ് കേടുപാടുകളോ ഉണ്ടായിരിക്കാമെന്ന ആശങ്കയെത്തുടർന്നാണ് ലാൻഡിംഗ് ഉപേക്ഷിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയതെന്നാണ് റിപ്പോർട്ട്.
വിമാനത്താവളത്തിന്റെ ടെർമിനലുകൾക്കുള്ളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു ടെർമിനലിലെ ജനലുകൾ തകരുകയും തുടർചലനത്തിൽ വെളുത്ത സീലിംഗ് പാനൽ ഇളകി വീഴുകയും ചെയ്തു. ഭൂചലനം ചില യാത്രക്കാരിൽ പരിഭ്രാന്തി പരത്തി.
ഭൂചലനത്തിന് പിന്നാലെ നിരവധി തുടർചലനങ്ങളും ഉണ്ടായി. എന്നാൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉടനടി റിപ്പോർട്ട് ചെയ്തിട്ടില്ല. അമേരിക്കൻ പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 9.30-ഓടെ (ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 11 മണിയോടെ) ആയിരുന്നു ഭൂചലനമുണ്ടായത്. ലോസ് ഏഞ്ചൽസിന് സമീപമുള്ള മാൻഹട്ടൻ ബീച്ചിന്റെ തീരത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂചലനത്തിൽ ജനലുകൾ കുലുങ്ങുകയും കാർ അലാറങ്ങൾ മുഴങ്ങുകയും ചെയ്തു. ഇതേത്തുടർന്ന് മേഖലയിലുടനീളം അടിയന്തര പരിശോധനകൾ ആരംഭിച്ചു.
ഭൂചലനത്തെത്തുടർന്ന് തെക്കൻ കാലിഫോർണിയയിലെ ഷെവ്റോൺ റിഫൈനറിയിലും സുരക്ഷാ നടപടികൾ സ്വീകരിച്ചു. സംവിധാനങ്ങളിലെ അപകടസാധ്യതകൾ നിയന്ത്രിക്കുന്നതിനായി റിഫൈനറി സുരക്ഷാ ഫ്ലെയറിംഗ് (തീജ്വാല പുറത്തുവിടുന്ന രീതി) പ്രവർത്തിപ്പിച്ചതായും ഇതിന്റെ ഫലമായി ഇടയ്ക്കിടെ തീജ്വാലകളും പുകയും ഉയർന്നതായും എഎഫ്പി റിപ്പോർട്ട് ചെയ്തു.
ലോസ് ഏഞ്ചൽസ് മേഖലയിൽ മുൻപും വിനാശകരമായ ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്. 1994-ലുണ്ടായ നോർത്ത്റിഡ്ജ് ഭൂചലനത്തിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും വീടുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.