സംസ്ഥാനത്ത് കാലവര്‍ഷം ശക്തം; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാന്‍ സാധ്യത. വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മലയോരമേഖലകളില്‍ മഴ കനത്തേക്കും. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തി. സാങ്കേതിക സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

യാത്രകള്‍ ഒഴിവാക്കുക
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രാത്രി സമയങ്ങളില്‍ മലയോര മേഖലകളിലേക്കുള്ള ഗതാഗതം പൂര്‍ണമായും ഒഴിവാക്കാന്‍ വാഹനയാത്രക്കാര്‍ ശ്രദ്ധിക്കണം. മഴക്കാലമായതിനാല്‍ റോഡുകളില്‍ വാഹനങ്ങള്‍ തെന്നിമാറാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാരും പ്രത്യേകം ശ്രദ്ധിക്കണം. വിനോദസഞ്ചാരികള്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നതിനും വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ജനപ്രതിനിധികള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.അതിശക്തമായ കാറ്റില്‍ മരച്ചില്ലകള്‍ ഒടിഞ്ഞുവീഴാന്‍ സാധ്യതയുള്ളതിനാല്‍ മരങ്ങളുടെ ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. വൈദ്യുതി കമ്പികള്‍ പൊട്ടിവീഴാന്‍ സാധ്യതയുള്ളതിനാല്‍ കാല്‍നട യാത്രക്കാരും ജാഗ്രത പാലിക്കണം. ഇടിമിന്നലുള്ള സമയം തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കുക. അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട വകുപ്പുകളെ ഫോണ്‍ വഴി വിവരം അറിയിക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *