ലൈസന്‍സില്ലാതെ വിമാനം പറത്തിയത് 16 വര്‍ഷം; അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ 900-ലേറെ, പൈലറ്റ് അറസ്റ്റില്‍

ടൊറന്റോ: ലൈസന്‍സില്ലാതെ വര്‍ഷങ്ങളോളം വിമാനം പറത്തിയ റിട്ടയേഡ് പൈലറ്റ് അറസ്റ്റില്‍. കാനഡയിലാണ് സംഭവം. എയര്‍ കാനഡ വിമാനക്കമ്പനിയില്‍നിന്ന് വിരമിച്ച ജിയോഫ്രി വാള്‍ എന്നയാളാണ് പിടിയിലായത്. ക്യാപ്റ്റനായി സേവനം അനുഷ്ഠിക്കാന്‍ ആവശ്യമായ ലൈസന്‍സ് ഇല്ലാതെ ആയിരുന്നു വാള്‍, പതിനാറുകൊല്ലത്തിലധികം കാലം നൂറുകണക്കിന് വിമാനങ്ങള്‍ പറത്തിയതെന്ന് കനേഡിയന്‍ പോലീസ് പറഞ്ഞു. ജൂണ്‍ ഒന്നാം തീയതിയാണ് വാള്‍ അറസ്റ്റിലായത്.

2009-നും 2025-നും ഇടയില്‍ 900-ല്‍ അധികം വിമാനങ്ങള്‍ വാള്‍ പറത്തിയിട്ടുണ്ട്. ഇതില്‍ ആഭ്യന്തര സര്‍വീസുകളും അന്താരാഷ്ട്ര സര്‍വീസുകളുമുണ്ട്. ലൈസന്‍സ് ഇല്ലാതെ, നിര്‍ബന്ധിത ടെസ്റ്റിന് വിധേയനാകാതെ ആയിരുന്നു വാള്‍ വിോമാനംപറത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എയര്‍ കാനഡയില്‍ പൈലറ്റ് ഇന്‍ കമാന്‍ഡ് ആയിരുന്ന സമയത്ത്, ബോയിങ്ങിന്റെ 767, 777, 787 വിമാനങ്ങള്‍ പറത്തിയിട്ടുള്ള വാള്‍, ശമ്പളമായി മുപ്പത് ലക്ഷം കനേഡിയന്‍ ഡോളറും കൈപ്പറ്റിയതായി പീല്‍ റീജിയണല്‍ പോലീസ് ഡെപ്യൂട്ടി ചീഫ്, മിലിനോവിച്ച് പറഞ്ഞു.
എയര്‍ കാനഡയിലെ 27 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ വാളിന് വാണിജ്യ വിമാനങ്ങള്‍ പറത്താനുള്ള ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും, 2009-ല്‍ ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ചതിന് ശേഷം ആവശ്യമായിരുന്ന എയര്‍ലൈന്‍ ട്രാന്‍സ്പോര്‍ട്ട് പൈലറ്റ് ലൈസന്‍സ് ഫോര്‍ എയ്‌റോപ്ലെയിന്‍സ് (ATPL-A) അദ്ദേഹം നേടിയിരുന്നില്ലെന്ന് മിലിനോവിച്ച് പറഞ്ഞു. ഫാമിലി മെഡിസിന്‍ പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സുള്ള ഡോക്ടര്‍ ബ്രെയിന്‍ സര്‍ജറി ചെയ്യുന്നതിന് സമാനമായ സംഗതിയാണ് ഇവിടെ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2025-ല്‍ പതിവ് രേഖാപരിശോധനയ്ക്കിടെയാണ് വാളിന്റെ അയോഗ്യത വെളിപ്പെട്ടത്. പിന്നാലെ എയര്‍ കാനഡ ഇക്കാര്യം അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിക്കുന്നതിന് മുന്നേ 2025-ല്‍ വാള്‍ ജോലിയില്‍നിന്ന് വിരമിച്ചിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *