തൊപ്പിയെന്ന യൂട്യൂബര്‍ നിഹാദ് തന്റെ സുഹൃത്തുക്കള്‍ക്കുനേരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ പങ്കുവെക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ഗായകന്‍ ഹനാന്‍ ഷാ. യൂട്യൂബില്‍നിന്ന് നീക്കംചെയ്യിച്ച ലൈവ് വീഡിയോയിലെ ഭാഗങ്ങള്‍ പങ്കുവെച്ചാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഹനാന്‍ഷാ വ്യക്തമാക്കി. യൂട്യൂബര്‍മാര്‍ തമ്മിലെ തര്‍ക്കത്തെത്തുടര്‍ന്ന്, തൊപ്പിയുടെ സംഘത്തിലെ അംഗമായിരുന്ന ഷമീര്‍ ആണ് വീഡിയോ പുറത്തുവിട്ടത്.
‘എന്നേയും എന്റെ കൂട്ടുകാരെയും കുടുംബത്തെയും ലക്ഷ്യമാക്കി ഒരു യൂട്യൂബ് ലൈവില്‍ ഉപദ്രവം, അധിക്ഷേപം, സ്ത്രീകള്‍ക്ക് നേരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ യൂട്യൂബില്‍ നല്‍കിയ കോപ്പിറൈറ്റ് സ്ട്രൈക്കിനാല്‍ നീക്കം ചെയ്യപ്പെട്ടു. ഇപ്പോള്‍ അതേ ലൈവിലെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന റീലുകള്‍, ഷോര്‍ട്സുകള്‍, ക്ലിപ്പുകള്‍, റീപോസ്റ്റുകള്‍, അതിനെ സംബന്ധിച്ച റിയാക്ഷനുകള്‍ തുടങ്ങിയവ വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളില്‍ വീണ്ടും പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം കണ്ടന്റുകള്‍ സൃഷ്ടിക്കുകയോ പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് കോപ്പിറൈറ്റ് സ്ട്രൈക്ക്, അക്കൗണ്ട് ടേക്ക്ഡൗണ്‍, പ്ലാറ്റ്ഫോം ആക്ഷന്‍സ് എന്നിവയ്ക്കൊപ്പം അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍, സൈബര്‍ ഉപദ്രവം, വ്യക്തിഹത്യ, സ്വകാര്യതാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാനിയമത്തിലേയും ഐടി ആക്ടിലേയും ബാധകമായ വകുപ്പുകള്‍ പ്രകാരമുള്ള നിയമനടപടി നേരിടേണ്ടിവരാം. നിങ്ങള്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ പങ്കുവെച്ചിട്ടുണ്ടെങ്കില്‍ ദയവായി നീക്കം ചെയ്യുക’, എന്ന കുറിപ്പാണ് ഹനാന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്.
യൂട്യൂബര്‍മാര്‍ തമ്മിലെ തര്‍ക്കത്തിന് പിന്നാലെയാണ് അപകീര്‍ത്തികരമായ വീഡിയോ പുറത്തുവന്നത്. ഹനാന്‍ഷായുടെ വ്‌ലോഗില്‍ സുഹൃത്തുക്കളില്‍ ഒരാളെ തൊപ്പി അപകീര്‍ത്തികരമായി പരാമര്‍ശിക്കുന്ന വീഡിയോയാണ് ഷമീര്‍ പങ്കുവെച്ചത്.
ഹനാന്‍ഷായുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി
തൊപ്പിയുടെ സംഘത്തില്‍ ഉള്‍പ്പെട്ട വ്യക്തിയായിരുന്നു ഷമീര്‍. തൊപ്പിയുമായി പിരിഞ്ഞ ഷമീര്‍, മറ്റൊരു യൂട്യൂബര്‍ മമ്മു എന്നിവര്‍ തൊപ്പിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് യൂട്യൂബില്‍ ലൈവിട്ടിരുന്നു. ഇരുവര്‍ക്കും മറുപടിയുമായി തൊപ്പിയെത്തി. പിന്നാലെയാണ്, തൊപ്പിയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഷമീര്‍ പുറത്തുവിട്ടത്.