ന്യൂഡൽഹി: യാത്രയ്ക്കിടെ ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്കും ജീവനക്കാർക്കും പരിക്ക്. ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എ.ഐ. 2379 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്കുകൾ സാരമുള്ളതല്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രയ്ക്കിടെ ആകാശച്ചുഴിയിൽപ്പെട്ട് വിമാനം, സഞ്ചാരപാതയിൽനിന്ന് പെട്ടെന്ന് 300 അടിയോളം താഴേക്ക് നീങ്ങിയതായി പൈലറ്റ് അറിയിച്ചു. രാവിലെ 8.25-ന് ഫുക്കറ്റിൽനിന്ന് പുറപ്പെട്ട വിമാനം പകൽ 11.50-നാണ് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയത്. സുരക്ഷിതമായി ഇറങ്ങിയ വിമാനത്തിൽനിന്ന് യാത്രക്കാരേയും ജീവനക്കാരേയും പുറത്തെത്തിച്ചു. പരിക്കേറ്റവർക്ക് വിമാനത്താവളത്തിൽ ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കി.
ഡൽഹിയിലേക്കുള്ള യാത്രക്കിടെ ആകാശച്ചുഴിയിൽപ്പെട്ട് എയർ ഇന്ത്യ; യാത്രക്കാർക്കും ജീവനക്കാർക്കും പരിക്ക്