മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാർ ലൈസൻസുകൾ പുതുക്കരുത്; കർശന നിർദേശവുമായി എക്സൈസ് വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ ബാർ ലൈസൻസുകൾ പുതുക്കരുതെന്ന് നിർദേശിച്ച് എക്സൈസ് വകുപ്പിന്റെ ഉത്തരവ്. എക്സൈസ് കമ്മീഷണറുടെ ചുമതലയുള്ള ആർ. ജയശങ്കറാണ് ഇതുസംബന്ധിച്ച നിർദേശം പുറത്തിറക്കിയത്.

ജോയിന്റ് എക്സൈസ് കമ്മീഷണർമാർക്കും ജില്ലാ എക്സൈസ് കമ്മീഷണർമാർക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്. നവംബർ 30ന് മുൻപായി പുതിയ മദ്യനയം പ്രഖ്യാപിക്കാനിരിക്കെയാണ് നടപടി. മദ്യനയം പ്രഖ്യാപിക്കുന്നതിന് മുൻപ് ബാർ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ ഇടപെടലുകളും ഉണ്ടാകരുതെന്നാണ് ഉത്തരവിലെ നിർദേശം.

അതേസമയം, മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിന്റെ കാലത്ത് അനുവദിച്ച ബാർ ലൈസൻസുകളിൽ വിജിലൻസ് അന്വേഷണം നടത്താനും നീക്കമുണ്ട്. ഇതുസംബന്ധിച്ച് എക്സൈസ് മന്ത്രി എം. ലിജു ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകും.

സീറാം സാംബശിവ റാവു കമ്മീഷണറായിരുന്ന കാലത്ത് എയർപോർട്ട് ലോഞ്ച് ബാറുകൾക്കും എറണാകുളം, കോട്ടയം ജില്ലകളിലെ ബാറുകൾക്കും അനുമതി നൽകിയതിൽ ഉദ്യോഗസ്ഥ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്നതാകും പ്രധാനമായും പരിശോധിക്കുക.

മുൻ എക്സൈസ് കമ്മീഷണർ സ്ഥാനമൊഴിയുന്നതിന് തൊട്ടുമുൻപ് നൽകിയ റിപ്പോർട്ടും ഇതിനിടെ ചർച്ചയായിട്ടുണ്ട്. അതേസമയം, സീറാം സാംബശിവ റാവുവിനെ പിന്തുണച്ചുകൊണ്ടായിരുന്നു മുൻ എക്സൈസ് മന്ത്രിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *