ന്യൂഡൽഹി: അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള തീരുമാനം ഒരു തെറ്റായിരുന്നുവെന്നും, തന്റെ അമ്മായിയമ്മയും അന്നത്തെ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിക്കും പിൽക്കാലത്ത് അതേ വികാരം തന്നെയായിരുന്നുവെന്ന് താൻ വിശ്വസിക്കുന്നതായും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഒരു അഭിമുഖത്തിൽ പറഞ്ഞു.
ദി ഗാർഡിയൻ' പത്രത്തിലെ റിപ്പോർട്ട് അനുസരിച്ച്, ഉടൻ പുറത്തിറങ്ങാനിരിക്കുന്ന തന്റെ ആത്മകഥയായ "ബിലോംഗിങ്: എ ജേർണി ഓഫ് ലവ്"-ൽ, സഞ്ജയ് ഗാന്ധിയെ "നിയന്ത്രണത്തിൽ നിർത്തിയിരുന്നെങ്കിൽ" അടിയന്തരാവസ്ഥയ്ക്ക് ശേഷം ഉണ്ടായ വലിയൊരളവ് നാശനഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി കുറിക്കുന്നുണ്ട്.
തന്റെ പുസ്തക പ്രകാശനത്തിന് മുന്നോടിയായി ബ്രിട്ടീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സോണിയ ഗാന്ധി പറഞ്ഞു: "ശ്രീമതി (ഇന്ദിരാ) ഗാന്ധി ഉള്ളുകൊണ്ട് ഒരു ജനാധിപത്യവാദിയായിരുന്നുവെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. ഇത് കേൾക്കുമ്പോൾ പലരും ചിരിച്ചേക്കാം എന്ന് എനിക്കറിയാം. എന്നാൽ അടിയന്തരാവസ്ഥയുടെ പോക്കിൽ അവർ ഒരിക്കലും സംതൃപ്തയായിരുന്നില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അത് അവർക്ക് വലിയൊരു മാനസിക ഭാരമായിരുന്നുവെന്ന് ഞാൻ കരുതുന്നു," അവർ കൂട്ടിച്ചേർത്തു.
കോൺഗ്രസ് അധ്യക്ഷ പദവിയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച സോണിയ ഗാന്ധി, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഇന്ദിരാ ഗാന്ധിക്ക് പറ്റിയ തെറ്റാണെന്നും അമ്മായിയമ്മയ്ക്കും പിന്നീട് അതേ തോന്നലുണ്ടായെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ബ്രിട്ടീഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
ഗാന്ധി കുടുംബത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്ന് സോണിയ ഗാന്ധി വ്യക്തമാക്കുന്നു. സോണിയയുടെ ഭർത്താവ് രാജീവ് ഗാന്ധി ഈ നീക്കത്തിന് എതിരായിരുന്നു. അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാനാണ് അദ്ദേഹം അമ്മയോട് പറഞ്ഞത്. എന്നാൽ ഇളയ മകൻ സഞ്ജയ് ഗാന്ധിയാണ് ഇതിനായി സമ്മർദ്ദം ചെലുത്തിയത്. ഒരു കുടുംബ അത്താഴ വേളയിൽ പ്രതിപക്ഷം അമ്മയെ നശിപ്പിക്കുമെന്ന് വാദിച്ച സഞ്ജയ്, "അവരെ തടഞ്ഞേ തീരൂ" എന്ന് പറഞ്ഞതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
രാജീവ് ഗാന്ധി അമ്മയോട് ഇതിനെക്കുറിച്ച് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവർ കേൾക്കാൻ തയ്യാറായില്ല. ഇത് കുടുംബത്തിനുള്ളിൽ വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചതായും സോണിയ ഗാന്ധി പറഞ്ഞു. "സഞ്ജയിയെ നിയന്ത്രണത്തിൽ നിർത്തിയിരുന്നെങ്കിൽ, പിന്നീട് സംഭവിച്ച നാശനഷ്ടങ്ങളിൽ ഭൂരിഭാഗവും ഒഴിവാക്കാമായിരുന്നു," ഗാർഡിയൻ റിപ്പോർട്ട് പ്രകാരം സോണിയ തന്റെ പുസ്തകത്തിൽ എഴുതുന്നു.
സഞ്ജയ് ഗാന്ധിയുടെ പേര് അടിയന്തരാവസ്ഥയുടെ പര്യായമായി മാറിയതിനെക്കുറിച്ചും, മൂത്ത മകൻ രാജീവ് ഗാന്ധിയുടെയും മറ്റുള്ളവരുടെയും വാക്ക് ഇന്ദിര കേട്ടിരുന്നെങ്കിൽ ആ കാലത്തെ അതിക്രമങ്ങൾ ഒഴിവാക്കാമായിരുന്നോ എന്ന ചോദ്യത്തിനും സോണിയ ഗാന്ധി മറുപടി നൽകി:
"പൊതുജനമനസ്സിൽ അടിയന്തരാവസ്ഥയുടെ പര്യായമായി പലപ്പോഴും കാണപ്പെടുന്നത് സഞ്ജയിനെയാണെങ്കിലും സഞ്ജയ് മാത്രമല്ല അതിന് കാരണം. അവരുടെ മുതിർന്ന സഹപ്രവർത്തകരിൽ ചിലരിൽ നിന്ന് വലിയ സമ്മർദ്ദമുണ്ടായിരുന്നു. രാജീവിനെപ്പോലെ വ്യത്യസ്തമായ കാഴ്ചപ്പാടുള്ള വളരെ കുറച്ചുപേർ മാത്രമേ അന്ന് അവർക്ക് ചുറ്റുമുണ്ടായിരുന്നുള്ളൂ എന്ന് ഞാൻ കരുതുന്നു."
"അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നതിന്റെ ഗൗരവം ഞാൻ അറിയുന്നത്. അതേ, ജനാധിപത്യ അവകാശങ്ങൾ വെട്ടിക്കുറയ്ക്കപ്പെടുകയും ഹേബിയസ് കോർപ്പസ് താൽക്കാലികമായി നിർത്തലാക്കപ്പെടുകയും ചെയ്തിരുന്നു, പക്ഷേ അത് ഭരണഘടനാപരമായാണ് ചെയ്തത്," മുൻ കോൺഗ്രസ് അധ്യക്ഷ പറഞ്ഞു.
"എങ്കിലും, ഞാൻ ആ കാലഘട്ടത്തിലേക്ക് തിരിഞ്ഞുനോക്കുകയും ശ്രീമതി ഗാന്ധിയുടെ കാഴ്ചപ്പാടിലൂടെ അത് കാണാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ, വഷളായിക്കൊണ്ടിരുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അവർ പാടുപെടുന്നത് ഞാൻ കാണുന്നു: അക്രമാസക്തമായ പ്രതിഷേധങ്ങൾ, ഗവൺമെന്റ് ഓഫീസുകൾക്കും പൊതുഗതാഗതത്തിനും തീയിടൽ, വ്യാപകമായി സംഘടിപ്പിക്കപ്പെട്ട അശാന്തി, ഉദ്യോഗസ്ഥവൃന്ദത്തോടും സായുധ സേനയോടും ഉത്തരവുകൾ അനുസരിക്കരുതെന്ന ആഹ്വാനം വരെ ഉണ്ടായിരുന്നു," സോണിയ ഗാന്ധി പറഞ്ഞു.
കാര്യങ്ങളെ കൂടുതൽ വ്യക്തതയോടെ കാണാൻ മുൻകാല അനുഭവങ്ങൾ സഹായിക്കുമെന്ന് പറഞ്ഞ അവർ, അടിയന്തരാവസ്ഥക്കാലത്തുണ്ടായ അതിക്രമങ്ങളിൽ ഇന്ദിരാ ഗാന്ധി തന്നെ പിന്നീട് പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തിരുന്നുവെന്ന് ചൂണ്ടിക്കാട്ടി.
ഗാർഡിയൻ റിപ്പോർട്ട് അനുസരിച്ച്, 1992-ൽ ബാബറി മസ്ജിദ് തകർക്കുന്നത് കണ്ടപ്പോൾ താൻ കരഞ്ഞുപോയതും സോണിയ ഗാന്ധി ഓർത്തെടുത്തു. തന്റെ സ്വന്തം പാർട്ടിയുടെ വീഴ്ചകളാണ് ബി.ജെ.പിയുടെയും അവരുടെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും വളർച്ചയ്ക്ക് ഒരു പരിധിവരെ കാരണമായതെന്ന് അവർ സമ്മതിച്ചു.