കേരളത്തില്‍ അഴിമതിയാരോപണം ; ഗ്യാനേഷ്കമാറിനെതിരേ വിജിലന്‍സ് പ്രാഥമികാന്വേഷണം തുടങ്ങി

കൊച്ചി: കേരളത്തില്‍ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ അഴിമതി നടത്തിയെന്ന ആരോപണത്തില്‍ കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം തുടങ്ങി. ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച കോണ്‍ട്രാക്ടര്‍ സാജനില്‍ നിന്ന് വിജിലന്‍സ് സംഘം ചൊവ്വാഴ്ച മൊഴിയെടുക്കും.

വിജിലന്‍സിന്റെ തിരുവനന്തപുരം പ്രത്യേക യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. കെ.എസ്.ടി.പി റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന പരാതിയിലാണ് നടപടി. ഇന്തോ-മലേഷ്യന്‍ കണ്‍സോര്‍ഷ്യമായ 'പതി-ബെല്‍' കമ്പനി കെ.എസ്.ടി.പി കരാര്‍ ഏറ്റെടുത്ത സമയത്ത് ഗ്യാനേഷ് കുമാര്‍ ആയിരുന്നു പൊതുമരാമത്ത് സെക്രട്ടറി. പദ്ധതിയുടെ ബില്ലുകള്‍ മാറിനല്‍കാത്തതിനെ തുടര്‍ന്ന് കമ്പനിയുടെ പ്രോജക്ട് മാനേജരായ ലീ സി. ബിന്‍ ആത്മഹത്യ ചെയ്തിരുന്നു.

ബില്ലുകള്‍ പാസാക്കി നല്‍കുന്നതിനായി ഗ്യാനേഷ് കുമാര്‍ ലീയോട് രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു എന്ന വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണം. ഉപകരാറുകാരനായ സാജന്റേതാണ് വെളിപ്പെടുത്തല്‍. ലീയുടെ ആത്മഹത്യയ്ക്ക് കാരണം ഈ മാനസിക സമ്മര്‍ദ്ദമാണെന്നും മുന്‍പ് നടത്തിയ വിജിലന്‍സ് അന്വേഷണം ഗ്യാനേഷിനെ രക്ഷപ്പെടുത്താന്‍ വേണ്ടിയായിരുന്നുവെന്നും സാജന്‍ ആരോപിച്ചു. നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *