പരീക്ഷാ പരിഷ്കരണത്തിന് ദൗത്യസേന; നന്ദൻ നിലേക്കനി അധ്യക്ഷൻ: ഇൻസ്റ്റ വിഡിയോയിൽ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി∙ ഇന്ത്യയിലെ പരീക്ഷാ സംവിധാനങ്ങൾ‌ എങ്ങനെ മെച്ചപ്പെടുത്തുമെന്ന് പഠിക്കാനായി ദൗത്യസംഘം രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേക്കനി അധ്യക്ഷനായ സംഘം രൂപീകരിച്ചെന്നും അവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നടപടികളെടുക്കുമെന്നും മോദി പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ വിഡിയോയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

‘‘വിദ്യാർഥികളുടെ ഭാവിക്കായി സർക്കാർ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ട്. അവരുടെ ഭാവിവച്ച് കളിച്ചവർ ഇപ്പോൾ ജയിലിലാണ്. ഞങ്ങൾ അതിവേഗ കോടതികൾ സ്ഥാപിച്ചു. വിദ്യാർഥികളുടെ ഭാവിയെ പറ്റി നമ്മൾ ചിന്തിക്കണം. നമ്മുടെ പരീക്ഷാ സംവിധാനങ്ങൾ കൂടുതൽ വിശ്വസനീയവും സുതാര്യവുമാകണം. അതിൽ സാങ്കേതികവിദ്യയുടെ ഉപയോഗം ഉറപ്പാക്കണം.

പരീക്ഷാ പരിഷ്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഉന്നതതല ദൗത്യസേന രൂപീകരിക്കാൻ തീരുമാനിച്ചു. നന്ദൻ നിലക്കേനിയുടെ നേതൃത്വത്തിലാണ് ദൗത്യസംഘം. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരാനിരിക്കുന്ന പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളും’’– മോദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *