കർഷകർക്ക് ആശ്വാസം;​ ആറായിരം രൂപ വീതം അക്കൗണ്ടുകളിലെത്തും

ന്യൂഡൽഹി : രാജ്യത്തെ കർഷകർക്ക് ആശ്വാസം പകർ‌ന്ന് കേന്ദ്ര സർക്കാർ പിഎം കിസാൻ സമ്മാൻ നിധി അഞ്ചു വർഷത്തേക്ക് കൂടി നീട്ടി. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പിഎം കിസാൻ പദ്ധതി 2030-31 സാമ്പത്തിക വർഷം വരെ നീട്ടാൻ അനുമതി നൽകിയത്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വനി വൈഷ്ണവാണ് മന്ത്രിസഭാ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

 

അഞ്ച് വർഷത്തേക്ക് 3,​15,​614 കോടി രൂപയുടെ സാമ്പത്തിക നീക്കിവയ്പോടെയാണ് പദ്ധതിയുടെ കാലാവധി ദീർഘിപ്പിച്ചത്. ഇതോടെ പദ്ധതിക്ക് കീഴിൽ വരുന്ന അർഹരായ കർഷകർക്ക് പ്രതിവർഷം 6000 രൂപ തുടർന്നും ലഭിക്കും. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നേരിട്ടെത്തിക്കുന്ന ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ സംവിധാനത്തിലൂടെയാണ് തുക വിതരണം ചെയ്യുന്നത്.

 

രാജ്യത്തെ കോടിക്കണക്കിന് വരുന്ന ക‌ർ‌ഷകർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യ്യതോടെ 2019 ഫെബ്രുവരി 24നാണ് പിഎം കിസാൻ പദ്ധതി ആരംഭിച്ചത്. കേന്ദ്രാവിഷ്കൃത പദ്ധതി വഴി ഓരോ ക‌ർഷക കുടുംബത്തിനും പ്രതിവർഷം 6000 രൂപ വീതം മൂന്നുതുല്യ ഗഡുക്കളായി സാമ്പത്തിക സഹായം ലഭിക്കും. ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നേരിട്ടാണ് എത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *