ഇടുക്കി: ചിന്നക്കനാൽ പന്തടിക്കളത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ജനവാസ മേഖലകളോട് ചേർന്നുള്ള അനധികൃത കയ്യേറ്റങ്ങൾക്കും തടസ്സങ്ങൾക്കുമെതിരെ വനംവകുപ്പ് നടപടി ശക്തമാക്കി. പന്തടിക്കളം ഉന്നതിക്ക് സമീപം സർക്കാർ ഭൂമി കയ്യേറി സ്ഥാപിച്ച അനധികൃത വൈദ്യുത വേലികൾ പൊളിച്ചുനീക്കിയ ഉദ്യോഗസ്ഥർ പരമ്പരാഗത ആനത്താരകൾ പുനഃസ്ഥാപിച്ചു.
ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ സ്ഥാപിച്ചിരുന്ന നിരവധി അനധികൃത സോളാർ വേലികളും നീക്കം ചെയ്തു. സ്വകാര്യ എസ്റ്റേറ്റുകൾ ആനത്താരകൾ കയ്യേറി അടച്ചതും അപകടകരമായ രീതിയിൽ വൈദ്യുത വേലികൾ സ്ഥാപിച്ചതുമാണ് വന്യജീവി സംഘർഷം രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.
ഇടുക്കി ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്നാണ് വനംവകുപ്പ് സംഘം പരിശോധനയും പൊളിച്ചുനീക്കലും നടത്തിയത്. ആർ.എസ്. എസ്റ്റേറ്റ് മേഖലയിൽ സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തി സ്ഥാപിച്ച ഫെൻസിങ്ങുകളും ശാന്തൻപാറ പഞ്ചായത്തിലെ ആനയിറങ്കൽ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് സ്ഥാപിച്ച സോളാർ വേലികളും നീക്കം ചെയ്തു.
മതികെട്ടാൻചോല ദേശീയോദ്യാനത്തിൽ നിന്ന് ദേശീയപാത 85 മുറിച്ചുകടന്ന് ചിന്നക്കനാൽ മേഖലയിലേക്ക് കാട്ടാനകൾ എത്തുന്ന ഭാഗങ്ങളിൽ സ്വകാര്യ വ്യക്തികൾ സ്ഥാപിച്ച വേലികളും നീക്കം ചെയ്തിട്ടുണ്ട്.
നടപടികളുടെയും പുനഃസ്ഥാപിച്ച ആനത്താരകളുടെയും വിശദാംശങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ട് മൂന്നാർ ഡിഎഫ്ഒ, ചിന്നക്കനാൽ വില്ലേജ് ഓഫീസർ, ഇടുക്കി ജില്ലാ കളക്ടർ എന്നിവർക്ക് കൈമാറുമെന്ന് വനംവകുപ്പ് അറിയിച്ചു. കാട്ടാനകളുടെ സ്വതന്ത്ര സഞ്ചാരത്തിന് തടസ്സമാകുന്ന അനധികൃത കയ്യേറ്റങ്ങൾക്കെതിരെ പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി.