കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. മുപ്പത്തഞ്ചോളം പേരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. യാത്രക്കാരിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ഇവരിൽ നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് പോവുകയായിരുന്ന വിവാഹ സംഘമാണ് അപകടത്തിൽപ്പെട്ടത്. ബസിന് ഇടതുഭാഗത്ത് കൂടി പോകുകയായിരുന്ന സ്കൂട്ടർ പെട്ടെന്ന് വലത്തേക്ക് തിരിഞ്ഞതാണ് അപകടത്തിന് കാരണമായത്. സ്കൂട്ടറിൽ ഇടിക്കാതിരിക്കുന്നതിനായി ബസ് പെട്ടെന്ന് വെട്ടിത്തിരിക്കുകയായിരുന്നു. മഴയായതിനാൽ ബസ് റോഡിൽ തെന്നി പെട്രോൾ പമ്പിന് സമീപം ചരിഞ്ഞ് വീഴുകയുമായിരുന്നു. അപകടത്തിനിടയാക്കിയ സ്കൂട്ടറിലും ബസിന്റെ പിൻഭാഗം ഇടിച്ചു.
വെട്ടിത്തിരിച്ച ബസ് നീങ്ങിമാറിയത് പെട്രോൾ പമ്പിന്റെ വശത്തേക്കായിരുന്നു. എന്നാൽ പെട്രോൾ പമ്പിൽ ഇടിക്കാതിരുന്നത് വലിയ അപകടം ഒഴിവാക്കി. മറിഞ്ഞതിനുശേഷം ബസ് നീങ്ങിയെത്തിയ ഭാഗത്തുനിന്ന മറ്റൊരു സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.