കണ്ണൂർ: മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ അന്വേഷണത്തിൽ നിർണായക നീക്കവുമായി വിജിലൻസ്. കാർട്ടൺ അലയൻസ് ഇന്ത്യ കമ്പനിക്ക് കരാർ നൽകിയ പദ്ധതികളുമായി ബന്ധപ്പെട്ട് അഴീക്കലിലെ പൊതുമേഖലാ സ്ഥാപനമായ സിൽക്കിൽ വിജിലൻസ് സംഘം പരിശോധന നടത്തി. വിവിധ പദ്ധതികളുടെ കരാർ നടപടികളുമായി ബന്ധപ്പെട്ട ഫയലുകളും സംഘം പിടിച്ചെടുത്തു.
സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾക്ക് പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 12 കോടിയിലധികം രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഫയലുകൾ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് സിൽക്കിലും പരിശോധന നടത്തിയത്. വിജിലൻസ് ഉത്തരമേഖലാ എസ്.പിക്കാണ് അന്വേഷണത്തിന്റെ ചുമതല.
പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കാർട്ടൺ അലയൻസ് ഇന്ത്യ കമ്പനിക്ക് 12 കോടിയിലധികം രൂപയുടെ കരാറുകൾ നൽകിയതിൽ ക്രമക്കേട് നടന്നെന്ന പരാതിയിലാണ് അന്വേഷണം. ദിവ്യയുടെ ബിനാമി കമ്പനിയാണ് ഇതെന്നും വഴിവിട്ട് കരാറുകൾ നൽകിയതിന് പിന്നിൽ അഴിമതിയുണ്ടെന്നും ആരോപിച്ച് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസാണ് വിജിലൻസിന് പരാതി നൽകിയത്.