തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

തൃശൂർ: എടമുട്ടം പാലപ്പെട്ടിയിൽ ദേശീയപാത 66ന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടിത്തം. ഏരിയൻ ടൂൾസ് ആൻഡ് കംപോണന്റ്സ് സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം.
സ്ഥാപനത്തിലെ ചെറുതും വലുതുമായ 40ഓളം മെഷീനുകളും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചതായി ഉടമ പറഞ്ഞു. കെട്ടിടത്തിനും തീപിടിത്തത്തിൽ കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. കോടികളുടെ നാശനഷ്ടമാണുണ്ടായതെന്നും ഉടമ അറിയിച്ചു. നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
രാത്രി പത്ത് മണിയോടെ കമ്പനി പൂട്ടി ജീവനക്കാർ മടങ്ങിയതിന് പിന്നാലെയായിരുന്നു തീപിടിത്തമുണ്ടായത്. നാട്ടുകാരാണ് ആദ്യം തീ ഉയരുന്നത് കണ്ടത്. പിന്നാലെ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വലപ്പാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
മെറ്റീരിയൽ ഹാൻഡ്ലിംഗ് വ്യവസായ മേഖലയ്ക്ക് ആവശ്യമായ യന്ത്രസാമഗ്രികളും ഘടകങ്ങളും നിർമ്മിക്കുന്ന സ്ഥാപനമാണ് ഏരിയൻ ടൂൾസ് ആൻഡ് കംപോണന്റ്‌സ്. നൂറോളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *