മലയാളി വ്ലോഗർ താലിബാന്റെ പിടിയിലായെന്ന് സോഷ്യൽ മീഡിയ പോസ്റ്റ്; സഹായം തേടി ‘ബാക്ക്പാക്കർ അരുണിമ’

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ യാത്ര ചെയ്യുന്നതിനിടെ മലയാളി വ്ലോഗർ അരുണിമ താലിബാന്റെ പിടിയിലായതായി സോഷ്യൽ മീഡിയ പോസ്റ്റ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താലിബാൻ തന്നെ അറസ്റ്റുചെയ്‌തെന്നും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് അരുണിമ കുറിപ്പ് പങ്കുവച്ചത്. അഫ്ഗാനിസ്ഥാനിലെ ബാംയാനിലാണ് നിലവിൽ അരുണിമ.
താലിബാന്റെ ഔദ്യോഗിക ഭാഷയായ പഷ്‌തോണിൽ നൽകിയ സന്ദേശത്തിന്റെ പരിഭാഷയെന്ന തരത്തിലാണ് അരുണിമ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ‘ഔദ്യോഗിക കത്തുകളില്ലാത്തതിനാൽ മുജാഹിദ്ദീൻ നിങ്ങളെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നു’ എന്നാണ് സന്ദേശത്തിലുള്ളത്..’ആർക്കെങ്കിലും ഇന്ത്യൻ എംബസിയെ അറിയാമെങ്കിൽ ദയവായി ബന്ധപ്പെടുക’ എന്നും അരുണിമ അഭ്യർത്ഥിച്ചിട്ടുണ്ട്.
പോസ്റ്റിന്റെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സംഭവത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. അറസ്റ്റിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ചോ കസ്റ്റഡിയിലെടുത്തവരെക്കുറിച്ചോ പോസ്റ്റിൽ കൂടുതൽ വിവരങ്ങളില്ല. അഫ്ഗാനിസ്ഥാനിലുടനീളം സഞ്ചരിച്ച് അരുണിമ തന്റെ യൂട്യൂബ് ചാനലിലൂടെയും മറ്റ് സമൂഹമാദ്ധ്യമങ്ങളിലൂടെയും നിരന്തരം വീഡിയോകൾ പങ്കുവച്ചിരുന്നു. അവിടത്തെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചും അരുണിമ നിരവധി കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു.
താൻ വിദേശിയായതിനാൽ മുഖം മറയ്ക്കാതെ വസ്ത്രം ധരിക്കാൻ അനുമതി ലഭിച്ചതായി അരുണിമ പറഞ്ഞിരുന്നു. അഫ്ഗാനിൽ താൻ അനുഭവിച്ച നിയന്ത്രണങ്ങളെക്കുറിച്ചും അവിടത്തെ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. അഫ്ഗാനിലെത്തിയപ്പോൾ സ്ത്രീയായതിനാൽ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന് താലിബാൻ അധികൃതർ നിർദ്ദേശിച്ചിരുന്നു. അഫ്ഗാനിൽ സ്ത്രീകൾക്ക് യാതൊരുവിധ അവകാശങ്ങളും ലഭിക്കുന്നില്ലെന്നും, വസ്ത്രം ധരിക്കാനും യാത്ര ചെയ്യാനുമുള്ള സ്വാതന്ത്ര്യം എന്താണെന്ന് അഫ്ഗാനിൽ ചെന്നപ്പോഴാണ് തനിക്ക് മനസിലായതെന്നും അരുണിമ വ്ലോഗിൽ പറയുന്നു‌ണ്ട്
ഇൻസ്റ്റാഗ്രാമിൽ 1.2 ദശലക്ഷത്തിലധികം ഫോളോവേഴ്സും ഫെയ്സ്ബുക്കിൽ 2.39 ലക്ഷം പേരും യൂട്യൂബിൽ 7.3 ലക്ഷത്തിലധികം സബ്സ്‌ക്രൈബർമാരുമാണ് അരുണിമയ്ക്കുള്ളത്. അപരിചിതരുടെ വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ചാണ് (ഹിച്ച് ഹൈക്കിംഗ്) അരുണിമ യാത്ര ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *