പാക് നിർമ്മിത ബ്യൂട്ടി ക്രീമുകൾക്കെതിരെ രാജ്യവ്യാപകമായി മുന്നറിയിപ്പ്; ഇവ ഒരു കാരണവശാലും ഉപയോഗിക്കരുത്

ന്യൂഡൽഹി: പാകിസ്ഥാൻ നിർമ്മിത ബ്യൂട്ടി ക്രീമുകൾക്കെതിരെ രാജ്യവ്യാപക മുന്നറിയിപ്പുമായി കേന്ദ്ര ഡ്രഗ്‌സ് റെഗുലേറ്ററിന്റെ മുന്നറിയിപ്പ്. ക്രീമുകളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന അമിത അളവിലുള്ള ഘനലോഹങ്ങൾ (Heavy metals) കണ്ടെത്തിയതിനെത്തുടർന്നാണ് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (CDSCO) നടപടി.
അനുമതിയില്ലാതെ വിപണിയിൽ വിറ്റഴിക്കപ്പെടുന്ന ‘ഗോരി ബ്യൂട്ടി ക്രീം’ (Goree Beauty Cream), ‘ചാന്ദ്നി വൈറ്റനിംഗ് ക്രീം’ (Chandni Whitening Cream) എന്നീ പാക് നിർമ്മിത ക്രീമുകൾ ഉപഭോക്താക്കൾ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് സിഡിഎസ്‌‌സിഒ കർശന മുന്നറിയിപ്പ് നൽകി. സെപ്തംബർ എട്ടിലെ പൊതു പ്രസ്താവനയിലാണ് നിർദ്ദേശം.
ഇറക്കുമതിക്ക് ആവശ്യമായ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളോ അനുമതികളോ ഇല്ലാതെയാണ് ഈ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. നടത്തിയ പരിശോധനകളിൽ ഈ ക്രീമുകളിൽ അളവിൽ കൂടുതൽ ഘനലോഹങ്ങൾ അടങ്ങിയിരിക്കുന്നതായി കണ്ടെത്തി. ഇത് ഉപയോക്താക്കൾക്ക് ത്വക്ക് രോഗങ്ങൾ മുതൽ മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം.
ക്രീമുകളുടെ വിൽപ്പനയോ വിതരണമോ പരസ്യങ്ങളോ രാജ്യത്ത് നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡ്രഗ്‌സ് കൺട്രോളർമാർക്കും റെഗുലേറ്ററി ഓഫീസുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപയോക്താക്കൾ ഇത്തരം അനധികൃത സൗന്ദര്യവർദ്ധക വസ്തുക്കൾ തിരിച്ചറിഞ്ഞ് ഒഴിവാക്കണമെന്നും, ഇതിനകം വാങ്ങിയിട്ടുള്ളവർ അവ ഉപയോഗിക്കുന്നത് പൂർണമായും നിർത്തണമെന്നും അധികൃതർ അറിയിച്ചു. വിപണിയിൽ വ്യാജ ഉൽപ്പന്നങ്ങളുടെ കടന്നുവരവ് തടയാൻ കേന്ദ്ര ഡ്രഗ് കൺട്രോൾ വിഭാഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *