കൊച്ചി: മാത്യു കുഴൽനാടൻ എംഎൽഎയുടെ പൈങ്ങോട്ടൂർ ആയങ്കരയിലെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. മുർഷിദാബാദ് സ്വദേശി ബിഷ്ണു മണ്ഡലിനെയാണ് പൊലീസ് പിടികൂടിയത്.
ഞായറാഴ്ചയാണ് മോഷണം നടന്നത്. സംഭവസമയത്ത് വീട്ടുകാരോ തൊഴിലാളികളോ സ്ഥലത്തുണ്ടായിരുന്നില്ല. നിർമാണ ആവശ്യങ്ങൾക്കായി എത്തിച്ചിരുന്ന ഇലക്ട്രിക് വയറുകളാണ് മോഷ്ടിച്ചത്. പ്രതി വീട്ടിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
മോഷണത്തിൽ 50,000 രൂപയുടെ നഷ്ടമുണ്ടായതായി മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധനാ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
ബിഷ്ണു മണ്ഡൽ നേരത്തെയും കവർച്ച കേസുകളിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മോഷണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മാത്യു കുഴൽനാടന്റെ വീട്ടിൽ മോഷണം; പ്രതി അറസ്റ്റിൽ