ബാങ്കോക്ക്: മൈതാനത്തെ പുല്ല് നിരപ്പാക്കാൻ ഉപയോഗിക്കുന്ന പിച്ച് റോളർ കാലിലൂടെ കയറിയിറങ്ങിയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് മുൻ ഇംഗ്ലണ്ട് ഫുട്‌ബോൾ താരം ആൻഡ്രോസ് ടൗൺസെൻഡ്. തായ്‌ലൻഡ് ലീഗ് വണ്ണിൽ പി.ടി. പ്രചുവാപിനായുള്ള മത്സരത്തിന് മുന്നോടിയായുള്ള വാംഅപ്പിനിടെയായിരുന്നു സംഭവം. പന്ത് ഉയർത്തി പിന്നിലേക്ക് നീങ്ങാൻ ശ്രമിച്ച ആൻഡ്രോസ് പിച്ച് റോളറിന്റെ മുന്നിലേക്കായിരുന്നു വീണത്.
ഇതിനിടെ ഡ്രൈവർ ശ്രദ്ധമാറ്റിയതോടെ വാഹനം താരത്തിന്റെ കാലുകളിലൂടെയും ഇടുപ്പിലൂടെയും കയറിയിറങ്ങി മുന്നോട്ടുപോയി. ഇതുകണ്ട് സഹതാരങ്ങൾ തലയിൽ കൈവച്ചു പോയെങ്കിലും വലിയ പരിക്കുകളൊന്നുമേൽക്കാതെ താരം രക്ഷപ്പെടുകയായിരുന്നു. ഡ്രൈവർ കൃത്യ സമയത്ത് ബ്രേക്ക് ചവിട്ടിയതോടെ വാഹനം താരത്തിന്റെ ഇടുപ്പ് വരെയേ കയറിയുള്ളൂ.
പിന്നാലെ റോളർ ഉടൻ മാറ്റി ആൻഡ്രോസിനെ പുറത്തെടുത്തു. കനത്ത ഭാരമുള്ള വാഹനം താരത്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുന്ന ദൃശ്യങ്ങൾ ഭീതിജനകമായിരുന്നെങ്കിലും കാര്യമായ പരിക്കുകളൊന്നും സംഭവിച്ചില്ലെന്നാണ് റിപ്പോർട്ട്. മാത്രമല്ല, അപകടത്തിന് ശേഷം ആൻഡ്രോസ് കളിക്കാൻ ഇറങ്ങുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അതേസമയം തനിക്ക് ഒന്നും പറ്റിയിട്ടില്ലെന്ന് അപകടത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് താരം പ്രതികരിക്കുകയും ചെയ്‌തിരുന്നു. ഇംഗ്ലണ്ടിനായി 13 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ആൻഡ്രോസ് ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് പി.ടി. പ്രചുവാപിൽ എത്തിയത്.
പിച്ച് റോളർ ഇടുപ്പിലൂടെ കയറിയിറങ്ങി; മുൻ ഇംഗ്ലണ്ട് ഫുട്ബോൾ താരത്തിന് അത്ഭുത രക്ഷ