ന്യൂഡല്‍ഹി : മേഘാലയയിൽ ഭരണ മുന്നണിയിൽ എംഎൽഎമാരുടെ കൂടുമാറ്റം. സംസ്ഥാനം ഭരിക്കുന്ന മുന്നണിയിൽ ഉൾപ്പെടുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യുഡിപി) യുടെ എട്ട് എംഎൽഎമാർ മുന്നണിയിലെ മറ്റൊരു കക്ഷിയായ ബിജെപിയിൽ ചേർന്നു. നിലവിലെ വിദ്യാഭ്യാസ മന്ത്രി ലാക്മെൻ റിംബുയി അടക്കമുള്ളവരാണ് ബിജെപിയിൽ ചേർന്നത്. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പാർട്ടി പ്രവേശം നടന്നത്.
മേഘാലയയിലെ 60 അംഗ നിയമസഭയിൽ രണ്ട് എംഎൽഎമാർ മാത്രമുണ്ടായിരുന്ന ബിജെപിയുടെ അംഗസംഖ്യ എട്ടായി ഉയർന്നു. നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ക്ക് ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷിയായി ബിജെപി മാറി. അതേസമയം 12 അംഗങ്ങൾ ഉണ്ടായിരുന്ന യുഡിപിയുടെ അംഗസംഖ്യ നാലായി ചുരുങ്ങി.
2028ൽ നിയമസഭാ തെരഞ്ഞെടുപ്പിന് മേഘാലയ വേദിയാകാനിരിക്കെ ആണ് എംഎൽഎമാരുടെ കൂടുമാറ്റം ഉണ്ടായിരിക്കുന്നത്. 33 എംഎൽഎമാരുള്ള എൻപിപി നേതൃത്വം നൽകുന്ന സഖ്യ സർക്കാരാണ് മേഘാലയ ഭരിക്കുന്നത്. ബിജെപിക്കും യുഡിപിക്കും പുറമേ, ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്എസ്പിഡിപി) യും രണ്ട് സ്വതന്ത്രന്മാരും മുന്നണിയിലുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബർ 12ന് മുൻ എംഎൽഎയും യുഡിപി നേതാവുമായ ഡോ. ജെമിനോ മോതോ ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് യുഡിപി എംഎൽഎമാരും ബിജെപിയിൽ എത്തിയിരിക്കുന്നത്.