സംഘാടകരുടെ വീഴ്ച; മെസ്സിയടക്കമുള്ള അര്‍ജന്റീന ടീം അംഗങ്ങളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്നു

അലബാമ (യുഎസ്എ): ഫിഫ ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ സംഘാടകര്‍ക്ക് സംഭവിച്ച അബദ്ധം കാരണം ലോകകപ്പിന് മുമ്പുള്ള സൗഹൃദ മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ അര്‍ജന്റീന ടീമിന്റെയും പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്നു. വലിയ സുരക്ഷാ പിഴവാണ് സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായത്.മത്സരത്തിന്റെ ടീം ഷീറ്റിലെ വിവരങ്ങള്‍ മറയ്ക്കാന്‍ സംഘാടകര്‍ മറന്നതിനാല്‍ ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളുടെ പാസ്‌പോര്‍ട്ട് നമ്പറുകള്‍ പരസ്യമായി. ഐസ്ലന്‍ഡിനെതിരായ സൗഹൃദ മത്സരത്തിനിടെയായിരുന്നു സംഭവം.കിക്കോഫിന് ഒരു മണിക്കൂര്‍ മുമ്പ് മാധ്യമങ്ങള്‍ക്കും മാച്ച് ഒഫീഷ്യല്‍സിനും നല്‍കുന്ന ടീം ലിസ്റ്റില്‍ പാസ്‌പോര്‍ട്ട് നമ്പറുകള്‍ ഉള്‍പ്പെടാറുണ്ടെങ്കിലും സാധാരണയായി അവ മറച്ചുവെച്ചാണ് വിതരണം ചെയ്യാറ്. എന്നാല്‍ ഐസ്ലന്‍ഡിനെതിരായ മത്സരത്തിന് മുന്നോടിയായി ഈ വിവരങ്ങള്‍ മറയ്ക്കാതെ നല്‍കിയതാണ് സുരക്ഷാ വീഴ്ചയ്ക്ക് കാരണമായത്.
ലയണല്‍ മെസ്സി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരുള്‍പ്പെടെ അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിങ് ഇലവനിലെയും സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചിലെയും മുഴുവന്‍ താരങ്ങളുടെയും വിവരങ്ങള്‍ ഇത്തരത്തില്‍ പുറത്തായി. ഈ വിവരങ്ങള്‍ പല പ്രാദേശിക മാധ്യമങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു.അലബാമയിലെ ആബര്‍ണിലുള്ള ജോര്‍ദാന്‍-ഹെയര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടന്നത്. ടര്‍ക്കിഷ് എയര്‍ലൈന്‍സ് സ്പോണ്‍സര്‍ ചെയ്യുന്ന ‘റോഡ് ടു 26’ എന്ന കമ്പനിയാണ് ഈ സന്നാഹ മത്സരം സംഘടിപ്പിച്ചത്.

 

 

Leave a Reply

Your email address will not be published. Required fields are marked *