ന്യൂഡല്‍ഹി: തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷനുമായി (ടാസ്മാക്) ബന്ധപ്പെട്ട അനധികൃത പിരിവുകള്‍ക്കും പാര്‍ട്ടി ഫണ്ട് രീതികള്‍ക്കുമെതിരെ ശക്തമായ നടപടിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന പണം സംസ്ഥാന ഖജനാവിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു.
ടാസ്മാക് പ്രവര്‍ത്തനങ്ങളിലൂടെ പ്രതിമാസം ലഭിക്കുന്ന 102 കോടിയോളം രൂപ ‘പാര്‍ട്ടി ഫണ്ട്’ എന്ന പേരില്‍ വകമാറ്റുന്നതായി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏകദേശം 1,600 കോടി രൂപയെങ്കിലും സംസ്ഥാന ഖജനാവിന് ഇതിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക കണക്ക്. ഡിഎംകെ ഭരണകാലത്ത് ടാസ്മാക് ദുരുപയോഗം ചെയ്തതിനെക്കുറിച്ചുള്ള അന്വേഷണം ഉടന്‍ ഉണ്ടായേക്കും.
‘ ഒരു കേയ്‌സ് മദ്യത്തിനു ഏകദേശം 90 രൂപ വീതം ‘പാര്‍ട്ടി ഫണ്ട്’ എന്ന പേരില്‍ വകമാറ്റിയിരുന്നു. ഒരു കേയ്‌സ് ബിയറിനു 40 രൂപയും, ഒരു കേയ്‌സ് വൈനിന് 20 രൂപ വീതവും മന്ത്രിമാരുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ ഫണ്ടിലേക്ക് ഈടാക്കിയിരുന്നു’ – മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.ടാസ്മാക്കിന്റെ ഹോള്‍സെയില്‍, റീട്ടെയ്ല്‍ ശൃംഖലകളില്‍ നിലനില്‍ക്കുന്ന അനധികൃത പണപ്പിരിവ് സംവിധാനങ്ങള്‍ ഉടനടി നിര്‍ത്തലാക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. തമിഴ്നാട്ടില്‍ റജിസ്റ്റര്‍ ചെയ്ത 4,048 ടാസ്മാക് ഔട്ട്ലെറ്റുകളാണുള്ളത്. പ്രതിമാസം ഏകദേശം 88 ലക്ഷം ഉപഭോക്താക്കള്‍ ടാസ്മാക് വഴി മദ്യം വാങ്ങുന്നുണ്ട്. വിജയ് അധികാരമേറ്റയുടനെ 717 ടാസ്മാക് റീട്ടെയ്ല്‍ കടകള്‍ പൂട്ടാന്‍ ഉത്തരവിട്ടിരുന്നു.