നാടിൻ്റെ മുത്ത് ഗോളടിയ്കുമോ? പ്രാര്‍ത്ഥനയോടെ ഒരു രാജ്യം

‘നമ്മള്‍ മാറഡോണയുടെ കളി കണ്ടു. മെസ്സിയുടെയും റൊണാള്‍ഡോയുടെയും കളി കണ്ടു. ഇപ്പോഴിതാ അവരൊക്കെ കളിച്ച ലോകകപ്പിലാണ് തഹ്‌സിനും കളിക്കുന്നത്.’ വളപട്ടണത്തെ തഹ്സിന്റെ വീടിന്റെ സമീപത്തുനിന്ന് ഇങ്ങനെ പറയുമ്പോള്‍ ഹനീഫയുടെ മുഖത്ത് ആവേശവും സന്തോഷവും തളംകെട്ടി നില്‍പ്പുണ്ടായിരുന്നു. ‘അത് അവന്റെ കഠിനപ്രയ്‌നത്തിന്റെ ഫലമാണ്. അടുത്ത തവണയായിരിക്കും ഖത്തറിനായി തഹ്‌സിന്‍ ലോകകപ്പ് കളിക്കുകയെന്നാണ് കരുതിയിരുന്നത്. എന്നാല്‍ 20 വയസ്സിന് മുന്‍പ് തന്നെ ലോകകപ്പ് കളിക്കുന്നു.’- ചെറുപ്രായത്തില്‍ വളപട്ടണത്തെ വയലിലും റോഡിലുമൊക്കെ പന്തുതട്ടിയ തഹ്സിന്‍ മുഹമ്മദ് വിശ്വവേദിയില്‍ പന്തുതട്ടാന്‍ പോകുന്നുവെന്ന വാര്‍ത്തയറിഞ്ഞതു മുതല്‍ ആവേശത്തിലാണ് നാട് മുഴുവന്‍. വളപട്ടണം ഫുട്ബോള്‍ അക്കാദമി പ്രസിഡന്റും തഹ്സിന്റെ കുടുംബ സുഹൃത്തുമായ ഹനീഫയുടെ വാക്കുകളിലത്രയും ആ പത്തൊന്‍പതുകാരന്‍ എത്തിപ്പിടിച്ച നേട്ടത്തിന്റെ തിളക്കമാണ്.

‘ഖത്തര്‍ സീനിയര്‍ ടീമില്‍ ഇടംകിട്ടിയതുമുതല്‍ ലോകകപ്പ് കളിക്കണമെന്ന ആഗ്രഹത്തിലായിരുന്നു തഹ്‌സിന്‍. നാല് വര്‍ഷം മുന്‍പ് ഖത്തറില്‍ ലോകകപ്പ് കാണാന്‍ പോയ സമയത്ത് മാതാപിതാക്കളുടെ മുന്നില്‍ വെച്ച് ഞാന്‍ പറഞ്ഞിരുന്നു. ആദ്യമായി ലോകകപ്പ് കളിക്കുന്ന മലയാളി തഹ്‌സിനാവട്ടെയെന്ന്. ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ ഈ നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ലോകകപ്പില്‍ കളിക്കുക മാത്രമല്ല, ഗോളടിക്കുന്ന ആദ്യ മലയാളിയാകുമെന്നും കരുതുന്നു. ടൂര്‍ണമെന്റില്‍ തഹ്സിന്റെ കളി കാണുമ്പോള്‍ രോമം എഴുന്നേറ്റ് നില്‍ക്കണം. ആ മുഹൂര്‍ത്തത്തിനായാണ് കാത്തിരിക്കുന്നത്.’- ഹനീഫ ആത്മവിശ്വാസത്തോടെ പറഞ്ഞു.

ജനിച്ചത് ഖത്തറിലാണെങ്കിലും ചെറുപ്രായത്തില്‍ വളപട്ടണത്തെ റോഡിലും മൈതാനത്തും പന്തുതട്ടിയിട്ടുണ്ട് തഹ്‌സിന്‍. കാല്‍പ്പന്തുകളിയോടായിരുന്നു അന്ന് മുതലേ തഹ്സിന്റെ താത്പര്യം. വളപട്ടണവും കണ്ണൂരും കേരളവും കടന്ന് ഖത്തറിലും ആ ഇഷ്ടം വിട്ടില്ല. പന്തുതട്ടി പന്തുതട്ടി തഹ്സിന്‍ വിസ്മയിപ്പിച്ചുതുടങ്ങിയതോടെ ഖത്തറിലും മലയാളിപ്പയ്യന്‍ തരംഗമായി. ഖത്തറിന്റെ ദേശീയ കുപ്പായമണിഞ്ഞ തഹ്സിന്‍ അണ്ടര്‍-16, അണ്ടര്‍-17 ടീമുകളുടെ ഭാഗമായി. പിന്നീട് ഖത്തറിന്റെ സീനിയര്‍ ടീമിലേക്കുള്ള വിളിയും കാത്തിരിപ്പായിരുന്നു. വിങ്ങുകളിലൂടെ അതിവേഗം കുതിക്കുന്ന തഹ്സിന്റെ സീനിയര്‍ അരങ്ങേറ്റവും അത്രതന്നെ വേഗത്തിലായിരുന്നു. ഒടുക്കം ലോകകപ്പ് ടീമിലും ഇടംപിടിച്ചതോടെ ചരിത്രനിമിഷം.
‘തഹ്‌സിന്റെ പിതാവ് ജംഷീദും ഫുട്‌ബോള്‍ താരമായിരുന്നു. ചെറുപ്പത്തില്‍ ഉപ്പയുടെ കൈയ്യും പിടിച്ചാണ് തഹ്‌സിന്‍ മൈതാനത്ത് പോകാറുള്ളത്. ഇന്ത്യക്ക് വേണ്ടി അണ്ടര്‍-19 തലത്തില്‍ കളിച്ചിട്ടുള്ളയാളാണ് ജംഷീദ്. ജോപോള്‍ അഞ്ചേരിക്കൊപ്പം കളിച്ചിട്ടുണ്ട്. ഉയരങ്ങളില്‍ എത്തേണ്ട താരമായിരുന്നു. എന്നാല്‍ പരിക്ക് കാരണം കൂടുതല്‍ മുന്നോട്ടുപോവാനായില്ല. തനിക്ക് സാധിക്കാത്തത് മകനിലൂടെ സാധിക്കുകയാണ് ജംഷീദ്. തഹ്‌സിന് ലോകകപ്പില്‍ കളിക്കുകയും ഗോളടിക്കുകയും ചെയ്യുമെന്നുതന്നെയാണ് പ്രതീക്ഷ. മെസ്സിയെയും നെയ്മറിനെയും പോലെ തഹ്‌സിനെയും പിന്തുണയ്‌ക്കേണ്ടതുണ്ട്.’ – ഹനീഫ പറഞ്ഞു.
‘എല്ലാവരും നല്ല ആവേശത്തിലാണ്. നാടും നാട്ടുകാരും ഇതിനായി ഒരുങ്ങിയിരിക്കുകയാണ്. എല്ലായിടത്തും ഫ്‌ളക്‌സ് ബോര്‍ഡുകളുണ്ട്. എല്ലാവരും പ്രാര്‍ഥിക്കണം. ലോകകപ്പില്‍ തഹ്‌സിന്‍ ഒരു ഗോളെങ്കിലും അടിക്കണമെന്നാണ്’ ആഗ്രഹമെന്ന് ബന്ധുവായ സാബിത്ത് പറയുന്നു. ലോകകപ്പ് ടീമിലിടം നേടിയതിന്റെ സന്തോഷം ബന്ധുവായ പര്‍വീണും മറച്ചുവെച്ചില്ല. ഒരു കുടുംബാംഗമെന്ന നിലയില്‍ അഭിമാന നിമിഷമാണിത്. ടൂര്‍ണമെന്റില്‍ ഗോളടിക്കട്ടെ. തഹ്‌സിന്‍ മികച്ച താരമായി മാറട്ടെ. വളപട്ടണംകാര്‍ക്ക് മാത്രമല്ല, ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ അഭിമാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘തഹ്‌സിന്‍ ഖത്തറിന്റെ ലോകകപ്പ് ടീമില്‍ ഇടംപിടിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ട്. ഇനിയും നല്ല നിലയില്‍ എത്തട്ടേയെന്ന് പ്രാര്‍ഥിക്കുന്നു. മൂന്ന് നാല് വര്‍ഷം മുന്‍പ് ഇവിടെ (വളപട്ടണം) വന്നിരുന്നു. ആ സമയം മഴയത്ത് നില്‍ക്കുന്നത് കണ്ട് ഞാന്‍ അവനോട് പനിക്കില്ലേ എന്ന് ചോദിച്ചു. കളിക്കുമ്പോള്‍ സ്ഥിരമായി മഴ കൊള്ളുന്നതാണെന്ന് മറുപടി പറഞ്ഞു. മാതാപിതാക്കളടക്കം എല്ലാവരും അതിയായ സന്തോഷത്തിലാണ്. ആദ്യ മത്സരത്തില്‍ തന്നെ മൈതാനത്തിറങ്ങി ഗോളടിക്കണമെന്നാണ് ആഗ്രഹം. ഇനിയുള്ള എല്ലാ ലോകകപ്പിലും കളിക്കാനാവട്ടെയെന്ന് ആഗ്രഹിക്കുന്നു.’ – ബന്ധുവായ സിറാജ് പറഞ്ഞു.

കണ്ണൂര്‍ വളപട്ടണം സ്വദേശി ജംഷിദിന്റെയും ഷൈമയുടേയും മകനായ തഹ്‌സിന്‍ മുഹമ്മദ് കഴിഞ്ഞവര്‍ഷം നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മത്സരങ്ങള്‍ക്കുള്ള ഖത്തര്‍ ടീമിലുണ്ടായിരുന്നു. 2024 ജൂണില്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്താനെതിരായ മത്സരത്തിലൂടെയാണ് ദേശീയ ടീമില്‍ അരങ്ങേറിയത്. ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ അല്‍ ദുഹൈലിനുവേണ്ടിയാണ് കളിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *