തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; രാജ്യസഭാംഗം സുസ്മിത ദേവ് രാജിവെച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. രാജ്യസഭാംഗം സുസ്മിത ദേവ് രാജിവെച്ചു. കഴിഞ്ഞ ദിവസം പോലും തൃണമൂല്‍ കോണ്‍ഗ്രസ് വിമതരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച സുസ്മിതാ ദേവില്‍ നിന്നും അപ്രതീക്ഷിത നീക്കമാണ് ഉണ്ടായത്.രാജ്യസഭാ അധ്യക്ഷന്‍ സി പി രാധാകൃഷ്ണന് രാജിക്കത്ത് നല്‍കിയ സുസ്മിതാദേവ് , പാര്‍ട്ടിയുടെ എല്ലാ പദവികളും പ്രാഥമിക അംഗത്വവും ഒഴിയുന്നതായി മമത ബാനര്‍ജിക്ക് കത്ത് നല്‍കി. തൊട്ടുപിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുമായി സുസ്മിത കൂടിക്കാഴ്ച നടത്തി. ഉടന്‍ ബിജെപി അംഗത്വം എടുത്തേക്കും എന്നാണ് സൂചന. ടിഎംസി രാജ്യസഭാംഗം സുകേന്ദു ശേഖര്‍ റായ് രാജി വെച്ച് ഒരാഴ്ച പിന്നിടും മുന്‍പാണ് സുസ്മിത ദേവിന്റെ രാജി .ഒഴിവുവന്ന ഈ രണ്ടു രാജ്യസഭാ സീറ്റുകളും ഇനി ബിജെപിക്ക് ലഭിക്കും. പാര്‍ട്ടിയിലെ പ്രതിസന്ധിക്കിടെ തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി, ഡല്‍ഹിയില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.കഴിഞ്ഞദിവസം മമതാ ബാനര്‍ജി സോണിയ ഗാന്ധിയെ കണ്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭ എംപി സയോണി ഘോഷും വിമത ക്യാമ്പില്‍ എത്തി. വിമത നീക്കത്തിന് ശേഷമുള്ള പുനഃസംഘടനയില്‍, മമത ബാനര്‍ജി സയോണി ഘോഷിന് തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ ചുമതല നല്‍കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *