എൻഐഎ ഉദ്യോഗസ്ഥർ
തിരുവനന്തപുരം: കേരളം, ആസാം, പശ്ചിമ ബംഗാൾ ഉൾപ്പെടെ 16 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്‌ഡ്. നിരോധിത സംഘടനയായ ജമാഅത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശിന്റെ (ജെഎംബി) ഉപവിഭാഗമെന്ന് സംശയിക്കപ്പെടുന്ന 'ഇമാം മഹ്മൂദർ കഫില'യുമായി (ഐഎംകെ) ബന്ധപ്പെട്ട അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്‌ഡ്.
കേരളത്തിൽ ഒരിടത്തും ആസാമിൽ പത്തിടങ്ങളിലും പശ്ചിമ ബംഗാളിൽ അഞ്ചിടങ്ങളിലുമാണ് റെയ്‌ഡ് നടക്കുന്നത്. യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഇന്ത്യയിൽ സംഘടനയുടെ ശൃംഖല വിപുലീകരിക്കാനുള്ള നീക്കങ്ങളുമായും കേസിന് ബന്ധമുള്ളതായി വിവരമുണ്ട്. കേസിൽ 11 പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. യുഎപിഎ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുവേണ്ടിയാണ് ജെഎംബി മുതിർന്ന നേതാവ് ഇമാം മഹ്മൂദ് ഹബീബുള്ള ഐഎംകെ രൂപീകരിച്ചതെന്ന് എൻഐഎ ആരോപിക്കുന്നു. സംഘടനയുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തുന്നതിനുമായി പ്രതികൾ രഹസ്യയോഗങ്ങൾ, മതപരമായ ആശയവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചതായും തീവ്രവാദ ആശയങ്ങൾ അടങ്ങിയ സാഹിത്യം, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ ഉപയോഗിച്ചതായും ഏജൻസി ആരോപിക്കുന്നു.
ഗൂഢാലോചനയുടെ തെളിവായി രേഖകൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ ലഭിച്ചതായും എൻഐഎ വ്യക്തമാക്കി. തീവ്രവാദ സംഘടനകളോടുള്ള കൂറ് വർദ്ധിപ്പിക്കുന്നതിനും സംഘടനകളിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നതിനും പ്രതികൾ പ്രവർത്തിച്ചതായും എൻഐഎ അറിയിച്ചു.