ന്യൂഡൽഹി: ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവും സ്വതന്ത്ര മാദ്ധ്യമങ്ങളുടെ രാജ്യവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടന്ന ബ്ലൂംബെർഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. രാജ്യത്ത് നൂറിലധികം ഭാഷകളുണ്ട്. 80,000ത്തിലധികം പത്രങ്ങളും പ്രസിദ്ധീകരണങ്ങളും ആയിരത്തിലേറെ സാറ്റ്ലൈറ്റ ചാനലുകളുമുണ്ട്. മാത്രമല്ല ഇന്ത്യയിൽ 500 മില്യണിലേറെ യൂട്യൂബ് ഉപഭോക്താക്കളാണുള്ളത്. അതിനാൽ സ്വതന്ത്ര മാദ്ധ്യമങ്ങളുടെ രാജ്യമാണിത്. അടുത്തക്കാലത്തായി രാജ്യത്തിന്റെ പുരോഗതിയിൽ ഡിജിറ്റൽ ശക്തി പ്രധാന പങ്കുവഹിച്ചിട്ടുണ്ട്'- പ്രധാനമന്ത്രി പറഞ്ഞു.
അധികാരം കൈവശം വയ്ക്കുന്നതിലല്ല, അത് എന്തിനുവേണ്ടി വിനിയോഗിക്കുന്നു എന്നതിലാണ് യഥാർത്ഥ മൂല്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാങ്കേതിക വിദ്യ, ഡാറ്റ, അറിവ്, നൂതന ആശയങ്ങൾ എന്നിവയാണ് ശക്തിയുടെ പ്രധാന സ്രോതസുകളെന്ന് ചൂണ്ടിക്കാട്ടിയ മോദി ഈ ശക്തി ആർക്കാണ് ലഭിക്കുന്നത് എന്നതിലുപരി അത് ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണ് കാര്യമെന്നും കൂട്ടിച്ചേർത്തു.
നിയന്ത്രിക്കുന്നതിനേക്കാൾ ശാക്തീകരിക്കുന്നതിനും മത്സരിക്കുന്നതിനേക്കാൾ സഹകരിക്കുന്നതിനും സ്വന്തം വിജയത്തേക്കാൾ മറ്റുള്ളവരുടെ വിജയത്തിന് വഴിയൊരുക്കുന്നതിനും മുൻഗണന നൽകണമെന്ന സന്ദേശവുമായി 'പവർ ടു എംപവർ' എന്ന ആശയവും അദ്ദേഹം പങ്കുവച്ചു. സാങ്കേതികരംഗത്തെ പുരോഗതി ഉൾപ്പെടെയുള്ളവയുടെ പ്രയോജനം ഏതാനും വ്യക്തികളിൽ മാത്രം ഒതുങ്ങാതെ സമൂഹത്തിലെ എല്ലാവരിലേക്കും എത്തിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യയുടെ സാങ്കേതികശേഷി മറ്റു രാജ്യങ്ങൾക്കും പുതിയ സാദ്ധ്യതകൾ തുറന്നുകൊടുക്കാൻ സഹായിക്കുമെന്നും കൂട്ടിച്ചേർത്തു.