ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കം ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. അയൽവാസി തന്റെ ലൈസൻസുള്ള പിസ്റ്റളിൽ നിന്ന് 15–16 റൗണ്ട് വെടിയുതിർത്തതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. പരംജീത് ധൻകർ എന്ന് തിരിച്ചറിഞ്ഞ ഇരയ്ക്ക് 8–9 വെടിയുണ്ടകളേൽക്കുകയും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും ചെയ്തു.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മോഹൻ എന്ന മോനു ശർമ്മയാണ് പരംജീതിന് നേരെ വെടിയുതിർത്തത്. വെടിവെപ്പിന് ശേഷം ഇയാൾ കുടുംബത്തോടൊപ്പം ഒളിവിൽ പോയി. പോലീസ് സംഘം ഇയാൾക്കായി തിരച്ചിൽ നടത്തിവരികയാണ്.
അനന്തരവന്റെ വിവാഹത്തിൽ പങ്കെടുക്കാനായി സിംഗപ്പൂരിൽ നിന്ന് എത്തിയതായിരുന്നു പരംജീത്. ഒരു പ്രമുഖ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇയാൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി സിംഗപ്പൂരിലായിരുന്നു താമസം. നവംബർ 24-ന് നടക്കാനിരിക്കുന്ന അനന്തരവന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സംഭവത്തിന് രണ്ട് ദിവസം മുമ്പാണ് ഇയാൾ ഫരീദാബാദിൽ എത്തിയത്.
രംജീത് രാത്രി എട്ട് മണിയോടെ ജിമ്മിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് അതേ കെട്ടിടത്തിലെ മൂന്നാം നിലയിൽ താമസിക്കുന്ന മോഹനുമായി തർക്കമുണ്ടായത്. പോലീസ് നൽകിയ വിവരമനുസരിച്ച്, പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാവുകയും തുടർന്ന് പ്രതി തന്റെ ലൈസൻസുള്ള പിസ്റ്റളെടുത്ത് പരംജീതിന് നേരെ ഒന്നിലധികം തവണ വെടിയുതിർക്കുകയുമായിരുന്നു. ഇരു കുടുംബങ്ങളും തമ്മിൽ മുമ്പും തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. വെടിവെപ്പ് നടക്കുന്നതിന് അഞ്ച് ദിവസം മുമ്പ് നായയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മോഹൻ പരംജീതിന്റെ മകനെ അധിക്ഷേപിച്ചിരുന്നു.