തിരുവനന്തപുരം : വീണ്ടും ശബരിമലയിൽ നിന്നും കാണാതായ കോടികൾ വിലവരുന്ന സ്വർണത്തട്ടിപ്പ് പുറത്ത്. അയ്യപ്പസന്നിധിയില്‍ ഭക്തര്‍ സമര്‍പ്പിച്ച വിലപിടിപ്പുള്ള തിരുവാഭരണങ്ങളിലും വഴിപാട് വസ്തുക്കളിലും വന്‍ ക്രമക്കേടും തട്ടിപ്പും നടന്നതായി കണ്ടെത്തി. 2012-ല്‍ തമിഴ്നാട്ടില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാര്‍ (സി.എ.) ഭഗവാന് നടയ്ക്കുവെച്ച 57 പവന്റെ തങ്കക്കിരീടം കാണാനില്ലെന്നാണ് ഹൈക്കോടതി നിയോഗിച്ച പ്രത്യേക പരിശോധനാ സമിതി കണ്ടെത്തിയിരിക്കുന്നത്. ഇതിനുപകരം ആറന്മമുളയിലെ ദേവസ്വം സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്നത് കേവലം മുക്കുപണ്ട കിരീടമാണെന്ന വിവരവും പുറത്തുവന്നു. ഇത് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് എത്തുന്നതോടെ മാത്രമേ സ്ഥിരീകരിക്കൂ. ശബരിമലയിലെ മൂല്യമുള്ള വസ്തുക്കളുടെയും ഭണ്ഡാരത്തിലെ വരവുകളുടെയും കൃത്യമായ കണക്കെടുപ്പ് നടത്തുന്നതിനായി ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെ.ബി. ശങ്കരന് കമ്മീഷന്റെ പരിശോധനയിലാണ് ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കുന്ന ഈ വന്‍ തട്ടിപ്പ് വെളിച്ചത്തുവന്നത്. ആറന്മുള സ്ട്രോങ് റൂം പരിശോധിച്ച സമിതി, രജിസ്റ്ററില്‍ രേഖപ്പെടുത്തിയ അളവിലോ തൂക്കത്തിലോ ഉള്ള സ്വര്ണ്ണക്കിരീടമല്ല സ്ട്രോങ് റൂമിലുള്ളതെന്ന് കണ്ടെത്തുകയായിരുന്നു.വിപണിയില്‍ നിലവില്‍ ഏകദേശം 60 ലക്ഷത്തോളം രൂപ മൂല്യം വരുന്നതാണ് കാണാതായ ഈ സ്വര്‍ണ്ണക്കിരീടം. 2012-ലാണ് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ തമിഴ്നാട് സ്വദേശികളായ ഭക്തര്‍ ഇത് സന്നിധാനത്ത് സമര്‍പ്പിച്ചത്.
എന്നാല്‍ സന്നിധാനത്തുനിന്ന് സുരക്ഷിതമായി സൂക്ഷിക്കാനെന്ന പേരില്‍ ആറന്മുള ദേവസ്വം സ്ട്രോങ് റൂമിലേക്ക് മാറ്റിയശേഷമാണ് കിരീടം മാറ്റി പകരം വ്യാജന് വെച്ചതെന്നാണ് സംശയിക്കപ്പെടുന്നത്. സ്വര്‍ണ്ണക്കിരീടം മാത്രമല്ല, ഭക്തര്‍ വഴിപാടായി നടയ്ക്കുവെച്ച അപൂര്‍വ്വവും വിലപിടിപ്പുള്ളതുമായ നിരവധി സ്വര്‍ണ്ണമാലകളും കാണാതായിട്ടുണ്ടെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റജിസ്റ്ററില്‍ രേഖപ്പെടുത്തിയ പല ആഭരണങ്ങളുടെയും സ്ഥാനത്ത് തുച്ഛമായ മൂല്യമുള്ള വസ്തുക്കളോ അല്ലെങ്കില്‍ വ്യാജ രേഖകളോ മാത്രമാണ് പരിശോധനാ വേളയില്‍ കമ്മീഷന് കണ്ടെത്താനായത്. ശബരിമല ഭണ്ഡാരത്തിലും ദേവസ്വം സ്ട്രോങ് റൂമുകളിലും കാലങ്ങളായി നടക്കുന്ന വന്‍ കൊള്ളയുടെയും തട്ടിപ്പുകളുടെയും ആഴം വ്യക്തമാക്കുന്നതാണ് കമ്മീഷന്റെ പുതിയ കണ്ടെത്തലുകള്‍. ജസ്റ്റിസ് കെ.ബി. ശങ്കരന്റെ നേതൃത്വത്തിലുള്ള സമിതി സ്ട്രോങ് റൂമുകളിലെ ഓരോ പെട്ടികളും ഭണ്ഡാര രേഖകളും സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥരും തട്ടപ്പന്മാരും ചേര്‍ന്ന് നടത്തിയ കള്ളക്കളികള്‍ ഒന്നൊന്നായി പുറത്തുവന്നത്.ഈ സംഭവം പുറത്തുവന്നതോടെ ‘ശബരിമലയില്‍ കൊള്ള തുടങ്ങിയത് 2012-ലാണോ’ എന്ന ചോദ്യമാണ് ഭക്തജനങ്ങളും പൊതുസമൂഹവും ഉയര്‍ത്തുന്നത്. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരുടെയോ സ്ട്രോങ് റൂമിന്റെ ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെയോ ഒത്താശയില്ലാതെ ഇത്രയും വലിയൊരു സ്വര്‍ണ്ണക്കവര്‍ച്ച നടക്കില്ലെന്ന് ഉറപ്പാണ്. സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന വ്യാജ കിരീടം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനും, യഥാര്‍ത്ഥ സ്വര്‍ണ്ണക്കിരീടം എന്ന്, ആരുടെ കാലത്താണ് മാറ്റപ്പെട്ടതെന്ന് കണ്ടെത്താനും നിര്‍ണ്ണായക അന്വേഷണം അത്യന്താപേക്ഷിതമായി മാറിയിരിക്കുന്നു. ഇതേ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.