എഫ്ബി പോസ്റ്റിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഇ പിയുടെ മരുമകൻ; വൈദേകത്തിന്റെ ഭീഷണിയുണ്ടെന്നും വെളിപ്പെടുത്തൽ

കണ്ണൂര്‍: സിപി‌എം നേതാവ്ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര സിഎംആർഎൽ എംഡി ശശിധരൻ കർത്തയിൽ നിന്നും പണം കൈപ്പറ്റി എന്ന ഫേസ്ബുക്ക് പോസ്റ്റിലെ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു എന്ന് ശ്യാംജിത്ത്. വിവാദ പോസ്റ്റ് ഇട്ടത് താനല്ലെന്ന് പറഞ്ഞത് വൈദേകം മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതിനാലാണ് എന്നും ശ്യാംജിത്ത് പറയുന്നു.

താൻ പറയുന്ന കാര്യങ്ങൾക്കെല്ലാം തെളിവുണ്ട് എന്നും അവ വൈകാതെ പുറത്തുവിടുമെന്നും വീണ്ടും വിവാദം ആളിക്കത്തിച്ച് ശ്യാംജിത്ത് പറയുന്നു. ശശിധരന്‍ കര്‍ത്തയുടെ പണമാണ് ഇന്ദിര നിക്ഷേപിച്ചതെന്ന ആരോപണത്തില്‍ ഉറച്ച് നിന്നുകൊണ്ടാണ് ജയരാജന്റെ സഹോദരീ പുത്രനായ ശ്യാംജിത്ത് വീണ്ടും രംഗത്തുവന്നിരിക്കുന്നത്.

തന്റെ എഫ്ബി ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല. വൈദേകത്തിന്റെ ഭാഗത്തുനിന്ന് ഭീഷണി വന്നിരുന്നു. തന്റെ അമ്മാവനായ ഇ പി ജയരാജൻ ശക്തനും സിപിഎമ്മിന്റെ കരുത്തനായ നേതാവുമാണ്. പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗവുമാണ്. തന്റെ അമ്മാവനല്ല, പി കെ ഇന്ദിരയെന്ന ചെയർമാനാണ് പ്രതി എന്നും ശ്യാംജിത്ത് പറയുന്നു. വേറെ സ്ഥലത്തുനിന്ന് വന്ന പണമാണ് ഇന്ദിര വൈദേകത്തിൽ നിക്ഷേപിച്ചത് എന്നും ആരോപണം മാത്രമല്ല, തന്റെ കൈവശം തെളിവുകൾ ഉണ്ടെന്നും ശ്യാംജിത്ത് പറയുന്നു.

ശ്യാംജിത്തിന്റെ ഭാര്യയെ വൈദേകം റിസോർട്ടിന്റെ അക്കൗണ്ട്സ് വകുപ്പിൽ നിന്ന് മാറ്റിയതിനെത്തുടർന്നുണ്ടായ തർക്കങ്ങളാണ് കടുത്ത ആരോപണത്തിലേക്ക് വഴിവച്ചത്. ഇക്കാര്യം ഇ പി ജയരാജൻ വ്യക്തമാക്കുകയുമുണ്ടായി. ശ്യാംജിത്ത് ഇക്കാര്യം നിഷേധിച്ചുവെങ്കിലും വൈദേകം മാനേജ്‌മെന്റ് ശക്തമായി രംഗത്തുവന്നു. ദീപയെ ജോലിയില്‍ നിന്ന് പുറത്താക്കിയത് അഞ്ച് ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയതിനാണെന്നും പലരുടേയും പേരില്‍ വ്യാജ ഒപ്പിട്ട് പണം തട്ടിയെന്നും അവർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *