ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം നയിക്കുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് പതിറ്റാണ്ടുകളായി തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുകയാണെന്നും 2024ന് ശേഷമാണ് എസ്ഐആർ ആരംഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് തോൽവികൾക്ക് എസ്.ഐ.ആറിനെ കുറ്റപ്പെടുത്തുന്നതിനു പകരം രാഹുൽ ഗാന്ധി ആത്മപരിശോധന നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ വിജയത്തിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അമിത് ഷായുടെ പ്രതികരണം.
ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷനിലെ 44 സീറ്റുകളിൽ 38 എണ്ണവും ബിജെപി നേടിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താറ, ഓഖ മുനിസിപ്പാലിറ്റികളിലും പാർട്ടി ഭൂരിപക്ഷം നേടി. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പരാജയങ്ങൾ ചൂണ്ടിക്കാട്ടിയ അമിത് ഷാ, ത്രിപുരയിൽ 33 വർഷമായി കോൺഗ്രസിന് വിജയിക്കാനായിട്ടില്ലെന്നും പശ്ചിമബംഗാളിൽ 54 വർഷമായി പാർട്ടിക്ക് വിജയിക്കാനായിട്ടില്ലെന്നും അവകാശപ്പെട്ടു.
പശ്ചിമബംഗാൾ, ത്രിപുര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ പതിറ്റാണ്ടുകളായി കോൺഗ്രസ് പരാജയം നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ പ്രധാന നേതാവായും പിന്നീട് പാർട്ടി അദ്ധ്യക്ഷനായും ലോക്സഭയിലെ പ്രതിപക്ഷ നേതാവായും രാഹുൽ ഗാന്ധി പ്രവർത്തിച്ച കാലയളവിൽ പാർട്ടി തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടുവെന്നും അമിത് ഷാ ആരോപിച്ചു.
പശ്ചിമബംഗാൾ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിയും എൻഡിഎയും നേടിയ വിജയങ്ങളും അമിത് ഷാ പരാമർശിച്ചു. നഗാവോൺ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി 1.42 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതായും നന്ദിഗ്രാമിൽ 76 ശതമാനം വോട്ടോടെ ബിജെപി സ്ഥാനാർത്ഥി 1.22 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടിയതായും അദ്ദേഹം പറഞ്ഞു.
പശ്ചിമബംഗാളിലെ റെജിനഗർ മണ്ഡലത്തിൽ 75,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി വിജയിച്ചതായും അമിത് ഷാ അവകാശപ്പെട്ടു. പുതുച്ചേരിയിൽ എൻഡിഎ ഘടകകക്ഷിയായ എഐഎൻ.ആർസിയുടെ സ്ഥാനാർത്ഥി 8,482 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ കോൺഗ്രസിന് 22 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.