ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കുന്നതിനായി മുന്നോട്ടുവച്ച ഏഴ് ഉപാധികൾ അമേരിക്ക അംഗീകരിക്കാതെ ചർച്ചയ്ക്കില്ലെന്ന നിലപാട് കടുപ്പിച്ച് ഇറാൻ. വ്യവസ്ഥകൾ അംഗീകരിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. എന്നാൽ അമേരിക്ക ഉപാധികൾ അംഗീകരിച്ചാൽ 48 മണിക്കൂറിനുള്ളിൽ കടലിടുക്ക് തുറക്കാൻ തയ്യാറാണെന്ന് ഖത്തർ പ്രതിനിധികളുമായുള്ള ചർച്ചയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചതായാണ് റിപ്പോർട്ട്. ഇതോടെ മേഖലയിൽ നിലനിൽക്കുന്ന സംഘർഷത്തിന് അയവുണ്ടാകുമോയെന്ന ആകാംക്ഷയും ശക്തമായി.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അയച്ച കത്ത് ലഭിച്ചതായി ഇറാൻ ദേശീയ സുരക്ഷാ മേധാവി മൊഹ്സെൻ റെസായി അറിയിച്ചു. ഇത് അനുകൂല സൂചനയായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാജ്യത്തിന്റെ ആണവ പദ്ധതികളിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും വ്യക്തമാക്കി. അതേസമയം, ഇറാനെ ആക്രമിക്കുന്ന കാര്യത്തിൽ അമേരിക്ക ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു. സൈനിക നടപടിക്ക് പകരം നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്താനാണ് അമേരിക്കയുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ കരാറിലെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും ചർച്ചകൾ നല്ല രീതിയിൽ മുന്നോട്ടുപോകുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രതികരിച്ചു. ഫ്ലോറിഡയിൽ ഹാലോവീൻ ആഘോഷത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനെ പൂർണമായി വിശ്വസിക്കാനാകില്ലെന്നും മുൻപ് പലതവണ കരാറുകളിൽ ഒപ്പിട്ടശേഷം അവർ അതിൽനിന്ന് പിന്മാറിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ഖത്തറിന്റെ മധ്യസ്ഥതയിലുള്ള ചർച്ചകൾക്ക് സമയപരിധിയുണ്ടോ എന്ന ചോദ്യത്തിന് അമേരിക്കയ്ക്ക് തിടുക്കമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇറാന്റെ നാവിക, വ്യോമ സേനകളെ അമേരിക്കൻ സൈന്യം തകർത്തുവെന്ന അവകാശവാദവും ട്രംപ് ആവർത്തിച്ചു. ഇറാന്റെ ആണവ കേന്ദ്രം സ്ഥിതിചെയ്യുന്നതായി അമേരിക്ക സംശയിക്കുന്ന 'പിക്ക് ആക്സ്' പർവതത്തിൽ ആക്രമണം നടത്തുമെന്ന ഭീഷണിയും അദ്ദേഹം ഉയർത്തി. ഇറാനെതിരെ പുതിയ സൈനിക നീക്കത്തിന് ഉത്തരവിടുമോയെന്ന ചോദ്യത്തിന്, അങ്ങനെ ചെയ്താൽ മാധ്യമങ്ങളോട് വെളിപ്പെടുത്തുമോയെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. നയതന്ത്ര ചർച്ചകൾ തുടരുമ്പോഴും സൈനിക ഭീഷണിയിൽനിന്ന് അമേരിക്ക പിന്നോട്ടുപോയിട്ടില്ലെന്ന സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകൾ നൽകുന്നത്.
അതേസമയം, പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ദോഹയിൽ ഇറാനും ഖത്തറും തമ്മിലുള്ള മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കുകയാണ്. അമേരിക്കയുടെ ഭാഗത്തുനിന്ന് സൈനിക ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരിച്ചടിക്ക് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്താൻ പരമോന്നത നേതാവ് സൈന്യത്തിന് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഇതിനിടെ, ഒക്ടോബറിൽ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്കുനേരെ 35 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതായും ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ നാവിക ഉപരോധത്തിന്റെ ഭാഗമായി 144 വാണിജ്യ കപ്പലുകൾ തിരിച്ചുവിട്ടതായും യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. ഇതോടെ മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.