ഒന്നരവയസുകാരിയെ ആറാം നിലയിൽനിന്ന് തള്ളിയിട്ടു, 10 വയസുകാരിക്കെതിരെ കൊലക്കേസ്, ദൃശ്യങ്ങൾ പുറത്ത്

മുംബയ്: ഒന്നരവയസുകാരിയെ ആറാംനിലയിൽനിന്ന് തള്ളിയിട്ട 10വയസുകാരിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. ഒക്‌ടോബർ 14-ന് മുംബയ് ഗോരേഗാവിലാണ് സംഭവമുണ്ടായത്. വളർത്തുപൂച്ചയെ ചൊല്ലി ഇരുകുടുംബങ്ങളും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സംഭവം നടക്കുന്നതിന് ഒരാഴ്‌ച മുൻപാണ് 10 വയസുകാരിയും കുടുംബവും ഗോരേഗാവിലെ കെട്ടിടത്തിൽ താമസത്തിനെത്തിയത്. ഫ്ലാറ്റിന് പുറത്ത് വളർത്തുപൂച്ചയോടൊപ്പം കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. അനുജത്തിയെ അന്വേഷിച്ചിറങ്ങിയ 12കാരനായ സഹോദരൻ ആറാം നിലയിൽനിന്ന് താഴേക്ക് നോക്കിയപ്പോഴാണ് ബേസ്‌മെന്റിൽ കുട്ടി പരിക്കേറ്റുകിടക്കുന്നതായി കണ്ടത്. ഉടൻ തന്നെ സമീപത്തെ മുനിസിപ്പൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഏകദേശം മൂന്നരയടി ഉയരമുള്ള സുരക്ഷാഭിത്തിയിൽനിന്ന് മകൾ താഴേക്ക് വീണതിൽ അസ്വാഭാവികതയുണ്ടെന്ന് കാട്ടി അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സത്യം പുറത്തുവന്നത്. ഒന്നരവയസുകാരിയെ പത്തുവയസുകാരി താഴേക്ക് തള്ളിയിടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് സാധാരണപോലെ ഫ്ലാറ്റിന്റെ വരാന്തയിൽ സൂക്ഷിച്ചിരുന്ന സൈക്കിൾ ചവിട്ടാൻ തുടങ്ങുന്നു. ഒന്നരവയസുകാരിയെ അന്വേഷിച്ച് 12കാരനായ സഹോദരൻ അതുവഴി പോകുമ്പോഴും ഭാവവ്യത്യാസമില്ലാതെയാണ് പെൺകുട്ടി പെരുമാറുന്നത്.

പെൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയെങ്കിലും കുട്ടിക്ക് കൗൺസിലിംഗ് നൽകണമെന്ന് നിർദേശിച്ചശേഷം മാതാപിതാക്കളുടെ സംരക്ഷണത്തിൽ വിട്ടുനൽകി.

Leave a Reply

Your email address will not be published. Required fields are marked *