ഒരു ബ്രായുടെ വില 473 കാേടി രൂപ. ഒരു ബ്രായ്ക്ക് ഇത്രയും വിലയോ എന്നോർത്ത് നെറ്റിചുളിക്കാൻ വരട്ടെ. വിക്‌ടോറിയാസ് സീക്രട്ട് ഫാഷൻ ഷോയിൽ റിയാലിറ്റി ഷോ താരം കൈലി ജെന്നർ അവതരിപ്പിച്ച ബ്രായ്ക്കാണ് കോടികളുടെ കിലുക്കമുള്ളത്. ഞായറാഴ്ച നടന്ന ഫാഷൻ ഷോയിലാണ് കൈലി ജെന്നർ ഈ ബ്രാ ധരിച്ചെത്തിയത്. 18 കാരറ്റ് സ്വർണവും 4,410 വജ്രങ്ങളും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചത്. വില കോടികളായതിന് കാരണം ഇപ്പോൾ വ്യക്തമായല്ലോ?.
ഫാന്റസി ബ്രാ ബ്രാൻഡായ ജേക്കബ് ആൻഡ് കോയുമായി സഹകരിച്ചാണ് വിക്ടോറിയാസ് സീക്രട്ട് പുത്തൻ ബ്രാ നിർമ്മിച്ചത്. ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും മൂല്യമേറിയ ബ്രായാണിതെന്നാണ് ജേക്കബ് ആൻഡ് കോയുടെ അവകാശവാദം. 15 കലാകാരന്മാർ 1000 മണിക്കൂർ ചെലവിട്ടാണ് ബ്രാ നിർമ്മിച്ചത്.
വിക്‌ടോറിയാസ് സീക്രട്ടിന്റെ ഇൻസ്റ്റഗ്രാം പേജിൽ കൈലി ജെന്നറിന്റെ സ്പെഷ്യൽ ലുക്കിന് ആരാധകരുടെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കൈലിയെ ബ്രാ അവതരിപ്പിക്കാൻ തിരഞ്ഞെടുത്തതിനെയാണ് ഏറെപ്പേരും വിമർശിക്കുന്നത്. യഥാർത്ഥ മോഡലുകളോടുള്ള കടുത്ത അനാദരവ് എന്നാണ് അവർ പറയുന്നത്. കൈലിയെ ബ്രാ അവതരിപ്പിക്കാൻ ക്ഷണിച്ചതിന്റെ കാരണമെന്താണെന്നും അവർ ചോദിക്കുന്നു. ഇതിന് മറുപടിയുമായി വിക്ടോറിയാസ് സീക്രട്ടിന്റെ ചീഫ് ക്രിയേറ്റീവ് ഓഫീസറായ ആദം സെൽമാൻ രംഗത്തെത്തി. ' ഫാഷൻ, ടെലിവിഷൻ, സംസ്കാരം എന്നിങ്ങനെ ഏതെങ്കിലും മേഖലയിൽ മാത്രം ഒതുങ്ങുന്നയാളല്ല കൈലി. അതിനപ്പുറത്തേക്ക് വ്യാപിച്ചുനിൽക്കുന്ന വ്യക്തിയാണ്. ഒപ്പം നല്ല ജനങ്ങൾക്കിടയിൽ സ്വീകാര്യതയുമുണ്ട്. അതുകൊണ്ടാണ് തിരഞ്ഞെടുത്തത്'- അദ്ദേഹം പറഞ്ഞു.
സ്ത്രീകളോട് വിവേചനം കാണിക്കുന്നു എന്ന ആക്ഷപം ശക്തമായതോടെ 2018ൽ വിക്‌ടോറിയാസ് സീക്രട്ട് ഫാഷൻ ഷോയ്ക്ക് പ്രേക്ഷക പിന്തുണ കാര്യമായി കുറഞ്ഞിരുന്നു. കാലഹരണപ്പെട്ട കാഴ്ചപ്പാട്, വൈവിദ്ധ്യത്തിന്റെ അഭാവം തുടങ്ങിയ വിമർശനങ്ങളും ഫാഷൻഷോയ്‌ക്കെതിരെ ഉയർന്നിരുന്നു. തുടർന്നാണ് ഷോ താൽക്കാലികമായി നിറുത്തിവച്ചത്. പിന്നീട് 2024ലാണ് വീണ്ടും ഷോ തുടങ്ങിയത്. പ്ലസ് സൈസ് മോഡലുകൾക്കുൾപ്പെടെ അവസരം കൊടുത്തതോടെ വീണ്ടും ഷോയ്ക്ക് പ്രേക്ഷക പിന്തുണ കിട്ടിത്തുടങ്ങി.