ഇസ്ലാമാബാദ്: തുർക്കിയുമായുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കി പാകിസ്താൻ. തുർക്കിയിലെ പ്രതിരോധ കമ്പനിയായ പസിഫിക് ടെക്നോളജിയുമായി മൂന്ന് വർഷത്തെ കരാറിൽ ഒപ്പിട്ടതോടെ ഒരു ലക്ഷം മെർക്യൂട്ട് എഫ്.പി.വി ഡ്രോണുകൾ ഉൾപ്പെടെയുള്ള സൈനിക ഉപകരണങ്ങൾ സ്വന്തമാക്കാനാണ് പാകിസ്താന്റെ നീക്കം. പാകിസ്താനിലെ നാഷണൽ റേഡിയോ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ കോർപ്പറേഷൻ വഴിയാണ് ഇടപാട്. ഉലുസാവുൻമ, ഡിഫൻസ് ബ്ലോഗ് എന്നിവയുടെ റിപ്പോർട്ടുകളിലാണ് കരാറിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്.
ഒരു ലക്ഷം മെർക്യൂട്ട് ഡ്രോണുകൾക്ക് പുറമെ 10 അൽപിൻ ആളില്ലാ ഹെലികോപ്റ്ററുകൾ, 25 ദുംറുൽ മിനി ഹെലികോപ്റ്ററുകൾ, 500 ഡെലി ലോയിറ്ററിങ് മ്യൂണിഷനുകൾ, 250 കോർഗൻ കര അധിഷ്ഠിത സംവിധാനങ്ങൾ എന്നിവയും കരാറിലുണ്ട്. സൈനിക ഉപകരണങ്ങൾ വാങ്ങുന്നതിനൊപ്പം പാകിസ്താനിൽ അവയുടെ വിതരണം, വിൽപന, പ്രാദേശിക നിർമാണം, അസംബ്ലി യൂണിറ്റുകൾ സ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങൾക്കും കരാറിൽ വ്യവസ്ഥയുണ്ട്. നേരത്തെ നടത്തിയ പരീക്ഷണങ്ങൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് ഇടപാടിലേക്ക് കടന്നത്.
കരാറിലെ പ്രധാന ആകർഷണമാണ് മെർക്യൂട്ട് എഫ്.പി.വി ഡ്രോണുകൾ. എട്ട് കിലോമീറ്റർ വരെ പ്രവർത്തനപരിധിയുള്ള ഇവയ്ക്ക് 20 മുതൽ 30 മിനിറ്റ് വരെ തുടർച്ചയായി പറക്കാനാകും. 20 മീറ്റർ വരെയാണ് സ്ഫോടനത്തിന്റെ ആഘാതപരിധിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ധനം ഉൾപ്പെടെ 200 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ശേഷിയുള്ളതാണ് അൽപിൻ ആളില്ലാ ഹെലികോപ്റ്റർ. മുൻകൂട്ടി നിശ്ചയിച്ച ദൗത്യങ്ങൾ സ്വയം നിർവഹിക്കാനും നൈറ്റ് വിഷൻ, തെർമൽ ഇമേജിങ് സംവിധാനങ്ങൾ ഉപയോഗിച്ച് നിരീക്ഷണം നടത്താനും ഇതിന് കഴിയും.
നിരീക്ഷണത്തിനും ആക്രമണ ദൗത്യങ്ങൾക്കുമായി വികസിപ്പിച്ച ദുംറുൽ മിനി ഹെലികോപ്റ്ററുകൾ വൈദ്യുതിയിൽ പ്രവർത്തിക്കുന്നതും ശബ്ദം കുറഞ്ഞതുമാണ്. 120 മിനിറ്റ് വരെ പറക്കാൻ ഇവയ്ക്ക് സാധിക്കും. തുർക്കിയും പാകിസ്താനും തമ്മിലുള്ള സൈനിക പങ്കാളിത്തം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കരാർ വിലയിരുത്തപ്പെടുന്നത്. 2025-ൽ തുർക്കിയുടെ അഞ്ചാം തലമുറ ഖാൻ യുദ്ധവിമാനങ്ങൾ സംയുക്തമായി നിർമിക്കുന്നതിനുള്ള പദ്ധതിയും ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു.