അക്വാൻ ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്,​ വെള്ളിയാഴ്ച കര തൊടും , നാല് സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ്

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന അക്വാൻ ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ ആന്ധ്രാ തീരത്ത് കര തൊടും. ആന്ധ്ര പ്രദേശിലെ നെല്ലൂരിനും തുനിക്കും ഇടയിൽ തീരപ്രദേശത്ത് ചുഴലിക്കാറ്റ് കരതൊടുമെന്നാണ് പ്രവചനം. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 120മുതൽ 130 കിലോ മീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചില ഘട്ടങ്ങളിൽ കാറ്റിന്റെ വേഗം 145 കിലോ മീറ്റർ വരെയാകാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തിങ്കളാഴ്ച പുലർച്ചെയോടെ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചിരുന്നു. വൈകിട്ടോടെ ചുഴലിക്കാറ്റായി മാറി ചൊവ്വാഴ്ച വൈകിട്ടോടെ തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. തിങ്കളാഴ്ച മുതൽ ആന്ധ്ര തീരത്ത് മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്. ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതോടെ കാറ്റിന്റെ ശക്തിയും കൂടും. നവംബർ 17 വരെ കടൽ പ്രക്ഷുബ്ദ്ധമാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അക്വാൻ കര കടന്നാൽ ആന്ധ്ര പ്രദേശ് ,​ ഒഡിഷ,​ പശ്‌ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നവംബർ 18,​ 19 തീയതികളിൽ തീരദേശ ജില്ലകളിലും പടിഞ്ഞാൻ ജില്ലകളിലും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളിൽ ചെന്നൈ,​ ചെങ്കൽപ്പെട്ട്,​ കാഞ്ചീപുരം,​ തിരുവള്ളുർ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *