കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇറാന് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്കു പരുക്ക്. ഇന്നലെ ഉച്ചകഴിഞ്ഞു പ്രാദേശികസമയം രണ്ടോടെ രാജ്യത്തെ തന്ത്രപ്രധാനകേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഇറാനിയന്‍ ഡ്രോണുകള്‍ കുവൈത്ത് വ്യോമസേന തകര്‍ത്തിരുന്നു. ഇവയുടെ അവശിഷ്ടങ്ങള്‍ പതിച്ച് രണ്ട് ഇറ്റാലിയന്‍ പൗരന്മാരാണു മരിച്ചത്.
പരുക്കേറ്റവരില്‍ രണ്ട് ഇറ്റാലിയന്‍ പൗരന്മാരും കുവൈത്ത്, പാകിസ്താന് സ്വദേശികളായ ഓരോരുത്തരും ഉള്‍പ്പെടുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുവൈത്ത് വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ച നിരവധി ശത്രുഡ്രോണുകളെ സായുധസേന ഫലപ്രദമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ സ്റ്റാഫ് സൗദ് അബ്ദുള്‍ അസീസ് അല്‍അത്വാന്‍ അറിയിച്ചു.
ഇവയുടെ അവശിഷ്ടങ്ങള്‍ പതിച്ചാണ് ആള്‍നാശവും പരുക്കുമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ആഴ്ചയിലും കുവൈത്തിനെ ലക്ഷ്യമിട്ട് ഇറാന് ആക്രമണം നടത്തിയിരുന്നു. ആളുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ അധികാരികളുമായി ഏകോപിപ്പിച്ച് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അനില്‍ പി. അലക്സ്