കൊല്ലം; പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിന്റെ പേരില്‍ തട്ടുകട അടിച്ച് തകര്‍ക്കല്‍, പപ്പടം കിട്ടാത്തതിന്റെ പേരില്‍ അടിപിടി, ഭാര്യയെ വെട്ടിക്കൊന്നു ഭര്‍ത്താവിന്റെ ജീവനൊടുക്കല്‍, ഭാര്യയുടെ ദേഹത്ത് തിന്നര്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം, ബാര്‍ ഹോട്ടല്‍ മാനേജര്‍ക്കെതിരേ വടിവാള്‍ ആക്രമണം, മദ്യലഹരിയില്‍ രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം, സാമ്പത്തിക തട്ടിപ്പും മോഷണവും, മയക്കുമരുന്നു വ്യാപാരവും അക്രമവും…. കഴിഞ്ഞ മൂന്നു മാസത്തിനിടെ കൊല്ലം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്രൈം വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്.
പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിന്റെ പേരില്‍ തട്ടുകട അടിച്ച് തകര്‍ക്കുകയും ഉടമയെയും ജീവനക്കാരനെയും മര്‍ദിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി കൊള്ളി നിയാസ് പിടിയിലായത് കഴിഞ്ഞ ദിവസമാണ്. അന്നേദിവസം തന്നെ വീട് കയറി ആക്രമിച്ചതിന് കുണ്ടറ പോലീസ് സ്റ്റേഷനിലും നിയാസിനെതിരേ കേസുണ്ട്.
ഈ മാസം 10-ന് കുണ്ടറ പെരുമ്പുഴയിലായിരുന്നു സംഭവം. ടീ മേറ്റ് എന്ന കടയില്‍ ചായ കുടിക്കാനെത്തിയ നിയാസും സുഹൃത്ത് ജാക്സണുമാണ് അക്രമമുണ്ടാക്കിയത്. ചായയും പരിപ്പുവടയും കഴിച്ച ഇവര്‍ പരിപ്പു വടയ്ക്ക് ഉപ്പ് കുറവാണെന്നു പറഞ്ഞ് തട്ടിക്കയറി. പിന്നാലെ കടയിലെ ജീവനക്കാരനായ മോഹനനെ മര്‍ദിച്ചു. കടയിലുണ്ടായിരുന്ന തിളച്ച എണ്ണ മോഹനന്റെ മേല്‍ ഒഴിച്ചു. തടയാന്‍ ചെന്നവരെ അക്രമികള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. മോഹനനെ മര്‍ദിക്കുന്നതു കണ്ട് ഓടിയെത്തിയ കടയുടമ നാസിമിനെ നിയാസ് കത്തി കൊണ്ട് കുത്തി. തുടര്‍ന്ന് കടയിലുണ്ടായിരുന്ന സാധനങ്ങള്‍ അടിച്ച് തകര്‍ത്തു. മോഹനന്റെ വാരിയെല്ലിനു പരുക്കേറ്റു. തിളച്ച എണ്ണ വീണ് ശരീരമാകെ പൊള്ളലുമേറ്റു.
കഴിഞ്ഞ ദിവസം പെരുമ്പുഴയില്‍ ബാര്‍ ഹോട്ടല്‍ മാനേജര്‍ക്ക് വെട്ടേറ്റതാണു മറ്റൊരു സംഭവം. ഹോട്ടല്‍ മുറി നല്‍കാത്തതിനെത്തുടര്‍ന്ന് ഹരിശ്രീ റെസിഡന്‍സിയിലെ മാനേജര്‍ അല്‍ത്താഫിനെ മൂന്നംഗ സംഘം വാളു കൊണ്ട് ആക്രമിക്കയായിരുന്നു. പ്രതികള്‍ ഒളിവിലാണ്.
കഴിഞ്ഞ 22-നാണ് പട്ടാഴിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയത്. കുടുംബവഴക്കിനെത്തുടര്‍ന്നു കലയപുരം സ്വദേശിനി ക്രിസ്റ്റിയെ ഭര്‍ത്താവ് ബിനു തോമസ് വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു.
സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്നു കടയ്ക്കലില്‍ റേഷന്‍ കടയുടമയെ കുത്തിക്കൊന്നതും അടുത്തിടെയാണ്. വയലയില്‍ റേഷന്‍ കട നടത്തിയിരുന്ന അനില്‍കുമാറിനെ (60) പട്ടാപ്പകല്‍ കടയ്ക്ക് മുമ്പില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കുളത്തൂപ്പുഴ മൈലമൂട് ശ്രീകൃഷ്ണ വിലാസത്തില്‍ വില്സനാ (65)ണ് പ്രതി.
കുണ്ടറയില്‍ ഉറങ്ങിക്കിടന്ന ഭാര്യയുടെ ദേഹത്ത് തിന്നര്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച ചന്ദനത്തോപ്പ് പെരിനാട് സ്വദേശി നൗഷാദിനെ കുണ്ടറ പോലീസ് പിടികൂടി. ചടയമംഗലത്തു മദ്യലഹരിയില്‍ 13 വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടാനച്ഛന് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച മദ്യലഹരിയിലെത്തിയ ഗുണ്ടാസംഘം കുണ്ടറയിലെയും പെരുമ്പുഴയിലെയും തട്ടുകടകള്‍ അടിച്ച് തകര്‍ക്കുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പ്രതിയായ മതപാഠശാല നടത്തിപ്പുകാരനായ മുഹമ്മദ് നിയാസ് പിടിയിലായത് കഴിഞ്ഞയാഴ്ചയാണ്.
കൊട്ടാരക്കരയില്‍ എം.ഡി.എം.എ. കേസില്‍ ദുഷ്യന്തന്, തൃശൂര്‍ സ്വദേശി രാഹുല്‍ സുഭാഷ് എന്നിവര്‍ അറസ്റ്റിലായി. ഏകദേശം 30 ലക്ഷം രൂപ വിലവരുന്ന 98 ഗ്രാമിലധികം ബ്രൗണ്‍ഷുഗറുമായി അസം സ്വദേശിയും പിടിയിലായി. 29 ഗ്രാം എം.ഡി.എം.എയുമായി തട്ടാമല സ്വദേശിയും പിടിയിലായി. 24ന് അഞ്ചലില്‍ സാധനം വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് കടയുടമയുടെ ശ്രദ്ധ തിരിച്ച് 30,000 രൂപ മോഷ്ടിച്ചു കടന്നു.
ഇക്കഴിഞ്ഞ 23ന് വിവാഹ ബ്രോക്കറായി ചമഞ്ഞ് വയോധികനില്‍നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്ത ചന്ദനത്തോപ്പ് സ്വദേശിനി ഹസീന അറസ്റ്റിലായി. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് സ്വര്‍ണമാല മോഷ്ടിക്കുന്ന പരവൂര്‍ സ്വദേശിനി രമ(67) കഴിഞ്ഞ ദിവസം പിടിയിലായി. ആദ്യ വിവാഹം മറച്ചുവച്ച ശേഷം വിവാഹ തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ സിനിമാ പ്രവര്ത്തകന് കഴിഞ്ഞ ദിവസം അറസ്റ്റിലായി.
ഓപ്പറേഷന് തൂഫാന് തുടരുമ്പോഴും എം.ഡി.എം.എ., കഞ്ചാവ് എന്നിവ കടത്തും വില്പനയും സംബന്ധിച്ച കേസുകളും അടിക്കടി വര്ധിക്കയാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഇതുതന്നെയായിരുന്നു സ്ഥിതി. സര്‍ക്കാര്‍ മാറിയിട്ടും കൊല്ലത്തിന്റെ ശാപം മാറുന്നില്ല. പോലീസ് നിഷ്ക്രിയമെന്നും അക്രമങ്ങള്‍ തടയാന്‍ ഒന്നും ചെയ്യുന്നില്ലെന്നും പരാതി. കൊല്ലം ജില്ലയെ കൊല്ലം സിറ്റി, കൊല്ലം റൂറല്‍ എന്നിങ്ങനെ രണ്ട് പോലീസ് ജില്ലകളായാണ് തിരിച്ചിരിക്കുന്നത്. കൊല്ലം റൂറല്‍ പോലീസിന്റെ 2026-ലെ ലഭ്യമായ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ആകെ 6,099 കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതില്‍ 2,537 എണ്ണം ബി.എന്‍.എസ്/ഐ.പി.സി. കേസുകളും 3,562 എണ്ണം എസ്.എല്‍.എല്‍. കേസുകളുമാണ്. കൊലപാതകം-11 കേസുകള്‍.
കൊലപാതകശ്രമം-40 കേസുകള്‍. മനഃപൂര്‍വമല്ലാത്ത നരഹത്യ-മൂന്ന് കേസുകള്‍. കൊല്ലം സിറ്റി പോലീസ് ജില്ലയുടെ 2026-ലെ പട്ടിക അപ്ഡേറ്റ് ചെയ്തിട്ടില്ല.
ജില്ലയിലെ സൈബര്‍ കുറ്റകൃത്യങ്ങളും വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ആകെ പരാതികള്‍-3,000. നഷ്ടപ്പെട്ട തുക-ഏകദേശം 50 കോടി രൂപയോളം. ഇതില്‍ 11 കോടി രൂപയോളം പോലീസ് തിരിച്ചുപിടിക്കുകയോ മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിന് ഇരയായവരില്‍ 32 ശതമാനം പേരും മുതിര്‍ന്ന പൗരന്മാരാണ്. സംസ്ഥാന തലത്തിലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തിരുവനന്തപുരം, എറണാകുളം എന്നിവയ്ക്ക് പിന്നിലായി ഏറ്റവും കൂടുതല്‍ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ജില്ലകളില്‍ ഒന്നാണ് കൊല്ലം.
ഉണ്ണി വി.ജെ. നായര്‍