ന്യൂഡല്‍ഹി: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ധൂര്‍ത്തും ആഡംബരവും ജനങ്ങള്‍ക്ക് വ്യക്തമാക്കിക്കൊടുക്കാന്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയായിരുന്ന ബംഗ്ലാവ് ഡല്‍ഹിയിലെ ബിജെപി സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി തുറന്നുകൊടുത്തു. 'ശീഷ് മഹല്‍' എന്നാണ് ഭരണകക്ഷിയായ ബിജെപി ഇതിനെ വിശേഷിപ്പിക്കുന്നത്.
'ആഡംബര' ബംഗ്ലാവാണെന്ന് വിശേഷിപ്പിച്ച ബിജെപി, 30 ലക്ഷം രൂപയുടെ ടിവി യൂണിറ്റ്, 11.56 ലക്ഷം രൂപയുടെ തൂക്കുവിളക്ക്, 6.71 ലക്ഷം രൂപയുടെ പൂജാമുറി, 5.47 ലക്ഷം രൂപയുടെ ടൂ-സീറ്റര്‍ സോഫ എന്നിവ പ്രദര്‍ശിപ്പിച്ചു. 'അരവിന്ദ് കെജ്രിവാള്‍ പൊതുപണം എങ്ങനെയാണ് ചെലവഴിച്ച തെന്ന് ഞങ്ങള്‍ കാണിച്ചുതരിക മാത്രമാണ് ചെയ്യുന്നതെന്നാണ് ബിജെപി പറയുന്നത്. വീട്ടിലെ സാധനങ്ങളിലെല്ലാം വിലവിവരപ്പട്ടികയും പതിപ്പിച്ചി ട്ടുണ്ട്.
'സര്‍ക്കാര്‍ വാഹനമോ സര്‍ക്കാര്‍ വസതിയോ ഉപയോഗിക്കില്ല എന്ന് പറഞ്ഞ് കെജ്‌രിവാള്‍ സര്‍ക്കാര്‍ ബംഗ്ലാവിനായി 56 കോടി രൂപയാണ് ചെലവഴിച്ചതെന്നും ബിജെപി പറയുന്നു. കോവിഡ്-19 മഹാമാരിക്കാലത്ത് ആളുകള്‍ മരിച്ചുവീഴുമ്പോഴാണ് കെജ്‌രിവാള്‍ കോടികള്‍ ചെലവഴിച്ച് 'ശീഷ് മഹല്‍' നിര്‍മ്മിച്ചതെന്നും ബിജെപി ആരോപിച്ചു. ഒരു മുറിയില്‍ എല്ലാം വളരെ ലളിതമായിരുന്നു. കീറിയ സീറ്റുള്ള മരക്കസേരയുണ്ടായിരുന്നു.
താന്‍ ലളിതമായ ജീവിതമാണ് നയിക്കുന്നതെന്ന് പൊതുജനങ്ങളെ കാണിക്കാന്‍ കെജ്രിവാള്‍ ഇവിടെ നിന്നാണ് ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്നതെന്നും ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി. പിഡബ്ല്യുഡി പരിപാലിക്കുന്ന ഈ ബംഗ്ലാവില്‍ എട്ട് കിടപ്പുമുറികള്‍, 12 ശുചിമുറികള്‍, ജക്കൂസി ബാത്ത്, സ്പാ, അഞ്ച് ഒഎല്‍ഇഡി ടിവികള്‍ എന്നിവയും മറ്റ് സൗകര്യങ്ങളുമുണ്ട്.
'ശീഷ് മഹല്‍' പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്ന കാര്യം പരിഗണിച്ചേക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2015 മുതല്‍ 2024 വരെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെജ്രിവാള്‍ താമസിച്ചിരുന്ന 6, ഫ്‌ലാഗ്സ്റ്റാഫ് റോഡ് ബംഗ്ലാവിന്, എഎപിയുടെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായാണ് ബിജെപി 'ശീഷ് മഹല്‍' എന്ന് പേരിട്ടത്. അതേസമയം ആരാണ് ഈ പറയുന്നത് എന്നാണ് എഎ പി യുടെ പരിഹാസം. യമുന നദിയിലെ മലിനീകരണ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് ഇതെന്ന് എഎപി പറഞ്ഞു.