റാഞ്ചി: ഭാര്യമാർ തമ്മിൽ നിരന്തരം വഴക്കുണ്ടാക്കുന്നതിൽ പ്രകോപിതരായ സഹോദരന്മാർ ഇരുവരെയും വെട്ടിക്കൊന്ന് കുഴിച്ചുമൂടി. ജാർഖണ്ഡിലെ ഗുംല ജില്ലയിലാണ് ഇരട്ടക്കൊലപാതകം നടന്നത്. മിനി പ്രിയ (28), രാധിക കുമാരി (20) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആംബുലൻസ് ഡ്രൈവറായ ശിവശങ്കർ സാഹു, നവീൻ സാഹു എന്നിവരെയും ഇവരുടെ മാതാപിതാക്കളായ സമേശ്വർ സാഹു, തിലേശ്വരി ദേവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതികൾ കോടാലി ഉപയോഗിച്ച് ഭാര്യമാരെ കൊലപ്പെടുത്തിയത്. ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹങ്ങൾ ശിവശങ്കറിന്റെ ആംബുലൻസിൽ കയറ്റി അയൽജില്ലയായ സിംദേഗയിലെ വനപ്രദേശത്ത് എത്തിച്ച് കുഴിച്ചുമൂടുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ച പൊലീസ് സ്റ്റേഷനിലെത്തി തങ്ങളുടെ ഭാര്യമാർ ആരോടും പറയാതെ വീടുവിട്ടിറങ്ങിപ്പോയി എന്ന് പറഞ്ഞ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.
എന്നാൽ, സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് യുവതികളുടെ കുടുംബാംഗങ്ങൾ മൊഴി നൽകി. ഇതോടെ സംശയം തോന്നിയ പൊലീസ് സഹോദരന്മാരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകം പുറത്തറിയുന്നത്. തുടർന്ന് പ്രതികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സിംദേഗയിലെ വനത്തിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കൊലപാതകത്തിനായി ഉപയോഗിച്ച കോടാലിയും മൃതദേഹങ്ങൾ കടത്താൻ ഉപയോഗിച്ച ആംബുലൻസും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊല്ലപ്പെട്ട രണ്ടുപേരും തമ്മിൽ ദീർഘകാലമായി വഴക്കായിരുന്നു. എന്നാൽ, കൊലപാതകം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞ് ഒത്തുതീർപ്പിലെത്തിയിരുന്നു എന്ന് ഗുംല പൊലീസ് സൂപ്രണ്ട് ഹാരിസ് ബിൻ സമ പറഞ്ഞു. പിന്നെ എന്തിനാണ് ഇരുവരെയും കൊലപ്പെടുത്തിയത് എന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.