സ്വർണവില കുറയാൻ കാത്തിരുന്നവർക്ക് തിരിച്ചടി; വിലയിൽ വൻ വർദ്ധനവ്, ഇന്ന് മാത്രം കൂടിയത് പവന് 1,289 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്ന് ഒരു പവൻ സ്വർണത്തിന് 1289 രൂപ വർദ്ധിച്ച് 92,800 രൂപയായി. ഗ്രാമിന് 160 രൂപ ഉയർന്ന് 11,600 രൂപയായി. ഇതോടെ, സ്വർണവില വീണ്ടും കുറയുമെന്ന് കരുതിയിരുന്നവർക്ക് തിരിച്ചടിയായിരിക്കുകയാണ്. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 165 രൂപയിൽ തുടരുകയാണ്.

ഇന്നലെ രാവിലെ സ്വർണവില വർദ്ധിക്കുകയും ഉച്ചയ്‌ക്ക് കുറയുകയും ചെയ്‌തിരുന്നു. രാവിലെ പവന് 1920 രൂപ വർദ്ധിച്ച് 92,320 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 240 രൂപ വർദ്ധിച്ച് 11,540 രൂപയായിരുന്നു. എന്നാൽ, പിന്നീട് രണ്ട് തവണയായി പവൻ വില 3,320 രൂപ കുറഞ്ഞ് 90,400 രൂപയിലെത്തിയിരുന്നു. ഗ്രാമിന്റെ വില 415 രൂപ കുറഞ്ഞ് 11,300 രൂപയായി. രാവിലെ പവന് 2,360 രൂപയും ഉച്ചയ്ക്ക് 960 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ ചാഞ്ചാട്ടമാണ് നടക്കുന്നത്. ആഗോള വിപണിയിലെ അസ്ഥിരതയാണ് ഇത് സൂചിപ്പിക്കുന്നത്.

അമേരിക്കയിലെ പലിശനയവും ഡോളറിന്റെ നീക്കവുമാണ് സ്വർണവിലയുടെ ഗതി നിർണയിക്കുന്നത്. കേന്ദ്ര ബാങ്കുകൾ വാങ്ങൽ ശക്തമാക്കിയാൽ വിലയിടിവിന് തടയിടാനാകും. ഹ്രസ്വകാലയളവിൽ ചാഞ്ചാട്ടം തുടരാനാണ് സാദ്ധ്യതയെന്ന് ബിസിനസ് രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിൽ പലിശ ഉയരുമെന്ന നിക്ഷേപകരുടെ ആശങ്ക, രാജ്യാന്തര വിപണിയിൽ ഡോളറിന്റെ മൂല്യം ഉയരുന്നത്, രൂപയുടെ മുന്നേറ്റത്തിൽ ഇറക്കുമതിച്ചെലവ് ഗണ്യമായി കുറയുന്നത്, ആഗോള ഫണ്ടുകൾ ഓഹരികളിലേക്ക് നിക്ഷേപം മാറ്റുന്നത് തുടങ്ങിയവയാണ് സ്വർണവിലയിൽ മാറ്റമുണ്ടാകാനുള്ള കാരണങ്ങളായി ഉയർത്തിക്കാട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *