കൊല്ലം: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരനിൽനിന്ന് പലതവണയായി കൈക്കൂലി വാങ്ങിയ കേസിൽ മുൻ ഡെപ്യൂട്ടി തഹസീൽദാർക്ക് കൊല്ലം വിജിലൻസ് കോടതി ശിക്ഷ വിധിച്ചു. 2014-ൽ കുന്നത്തൂർ താലൂക്ക് ഓഫീസിൽ ഡെപ്യൂട്ടി തഹസീൽദാറായിരുന്ന കരുനാഗപ്പള്ളി സ്വദേശി ബാബു (63) ആണ് കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
മൈനാഗപ്പള്ളി സ്വദേശിയായ പരാതിക്കാരനിൽനിന്ന് അനധികൃതമായി ചെങ്കല്ല് വെട്ടുന്നതിനുള്ള ഒത്താശ ചെയ്തുകൊടുക്കാമെന്ന് പറഞ്ഞ് ബാബു ആദ്യം 3,000 രൂപ കൈക്കൂലിയായി വാങ്ങുകയായിരുന്നു. തുടർന്ന് പരാതിക്കാരൻ കൂടുതൽ കൈക്കൂലി നൽകാത്തതിനെത്തുടർന്ന്, സുഹൃത്തിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള മൈനാഗപ്പള്ളിയിലെ വസ്തുവിൽ കല്ലുവെട്ടുന്നതിനിടെ നിയമാനുസൃത നടപടികൾ പാലിക്കാതെ കല്ലുവെട്ട് യന്ത്രം പിടിച്ചെടുത്ത് കുന്നത്തൂർ താലൂക്ക് ഓഫീസിൽ സൂക്ഷിച്ചു.
യന്ത്രം വിട്ടുനൽകുന്നതിനായി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ റിപ്പോർട്ട് ലഭ്യമാക്കാമെന്ന് പറഞ്ഞ് താലൂക്ക് ഓഫീസിൽവെച്ച് 2,000 രൂപ കൂടി കൈക്കൂലിയായി വാങ്ങി. ജിയോളജി വകുപ്പിൽ പിഴ അടച്ചശേഷം യന്ത്രം വിട്ടുനൽകുന്നതിനുള്ള അവസാന ഗഡുവായി 5,000 രൂപ പരാതിക്കാരനിൽനിന്ന് കൈപ്പറ്റുന്നതിനിടെയാണ് കൊല്ലം വിജിലൻസ് യൂണിറ്റ് ബാബുവിനെ കൈയോടെ പിടികൂടിയത്. കേസിൽ അന്വേഷണം പൂർത്തിയാക്കി വിജിലൻസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്നുള്ള വിചാരണയിലാണ് ബാബു കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്.
വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ പി.എസ്. ദിവ്യ, സിജു രാജൻ എന്നിവർ ഹാജരായി. കൊല്ലം വിജിലൻസ് യൂണിറ്റിലെ മുൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് റെക്സ് ബോബി അരവിൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് ഡിവൈ.എസ്.പി ആർ. ജയശങ്കർ തുടർ അന്വേഷണം നടത്തി. ഡിവൈ.എസ്.പി കെ. അശോക് കുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.