റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി വിമതർ നടത്തിയ വ്യോമാക്രമണശ്രമങ്ങൾ പരാജയപ്പെടുത്തി അറബ് സഖ്യസേന. രാജ്യത്തിന്റെ കിഴക്കൻ മേഖല ലക്ഷ്യമാക്കി തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖല ലക്ഷ്യമാക്കി അയച്ച നാല് ഡ്രോണുകളും വ്യോമപ്രതിരോധ സേന ആകാശത്തുവെച്ചുതന്നെ തകർത്തു. സഖ്യസേനയുടെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികിയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിന്റെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനും പൗരന്മാരുടെയും പ്രവാസികളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമായി പ്രത്യേക സൈനിക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സഖ്യസേന വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾ അനുവദിക്കുന്ന ആത്മരക്ഷാ അവകാശം വിനിയോഗിച്ചുകൊണ്ട് ഹൂതികളുടെ ഭീഷണിയുടെ ഉറവിടങ്ങൾ നിർവീര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടികളെന്നും ഔദ്യോഗിക വക്താവ് അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം തെക്കൻ സൗദിയിലെ ഖമീസ് മുശൈത്ത്, അഹദ് അൽ റുഫൈദ മേഖലകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ഹൂതികൾ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി സേന ആകാശത്തുവെച്ച് തകർത്തതിനു പിന്നാലെയാണ് അവയുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചത്. സംഭവത്തിൽ നിരവധി വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായി. ഒരു സൗദി പൗരനും ഏഷ്യൻ വംശജനായ പ്രവാസിക്കുമാണ് പരിക്കേറ്റത്.