കൊയിലാണ്ടിയിൽ വീട് മാറി ഇ.ഡി റെയ്ഡ് നടത്തിയെന്ന് പരാതി; ആരോപണം തള്ളി ഉദ്യോഗസ്ഥർ

കോഴിക്കോട്: സ്വർണക്കടത്ത്-ഹവാല കേസുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിൽ വീട് മാറി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തിയതായി പരാതി. കൊയിലാണ്ടി മാടാക്കര സ്വദേശി നൗഷാദ് വളപ്പിലാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ ആൾമാറിയിട്ടില്ലെന്നും കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നുമാണ് ഇ.ഡി ഉദ്യോഗസ്ഥരുടെ വിശദീകരണം.

പരിശോധനയിൽ പരാതിയുണ്ടെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാമെന്ന് ഇ.ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിശോധനയുമായി ബന്ധപ്പെട്ട രേഖകൾ കോടതിയിൽ ഹാജരാക്കാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പത്തുമണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് ഇ.ഡി സംഘം മടങ്ങിയത്.

നൗഷാദിന്റെ തറവാട്ടുവീട്ടിൽ രാവിലെ ആറുമണിയോടെയാണ് ഇ.ഡി സംഘം എത്തിയത്. പരിശോധന നടക്കുമ്പോൾ നൗഷാദിന്റെ മാതാപിതാക്കളും സഹോദരങ്ങളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

എന്തിനാണ് ഇ.ഡി സംഘം വീട്ടിലെത്തിയതെന്ന് അറിയില്ലെന്നും പ്രായമായ മാതാപിതാക്കൾ പരിശോധനയെ തുടർന്ന് ഭയന്നിരിക്കുകയാണെന്നും നൗഷാദ് പറഞ്ഞു. തനിക്കെതിരെ ഇതുവരെ കേസുകളൊന്നുമില്ലെന്നും മുന്നറിയിപ്പോ നോട്ടീസോ നൽകാതെയാണ് ഇ.ഡി പരിശോധന നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

വിദേശത്തായിരുന്ന നൗഷാദ് ഒമ്പത് മാസം മുമ്പാണ് നാട്ടിലെത്തിയത്. തുടർന്ന് മത്സ്യബന്ധന ജോലിയിൽ ഏർപ്പെട്ടുവരികയായിരുന്നു.

അതേസമയം, ഇന്ന് കുന്ദമംഗലത്തും കൊയിലാണ്ടിയിലുമായി ഇ.ഡി പരിശോധന നടത്തിയിട്ടുണ്ട്. വീട് മാറി പരിശോധന നടത്തിയെന്ന നൗഷാദിന്റെ ആരോപണവും ഉദ്യോഗസ്ഥരുടെ വിശദീകരണവും തമ്മിൽ വിരുദ്ധമായ നിലപാടുകളാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *