തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി, ഐസിഡിഎസ് ജീവനക്കാർക്ക് സ്മാർട്ട് ഫോൺ വാങ്ങി നൽകാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. 35,291 സ്മാർട്ട് ഫോണുകൾ വാങ്ങുന്നതിനായി 41.64 കോടി രൂപയാണ് ചെലവഴിക്കുക. ഒരു ഫോണിന് 11,800 രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ 33,120 അങ്കണവാടി വർക്കർമാർക്കും 1,327 ഐസിഡിഎസ് ലേഡി സൂപ്പർവൈസർമാർക്കും 152 കോർഡിനേറ്റർമാർക്കുമാണ് സ്മാർട്ട് ഫോണുകൾ ലഭിക്കുക. കൂടാതെ 692 ഫോണുകൾ ബഫർ സ്റ്റോക്കായും വാങ്ങും.
മാസങ്ങളായി അങ്കണവാടി ജീവനക്കാർ നേരിട്ടുവന്നിരുന്ന സാങ്കേതിക ബുദ്ധിമുട്ടുകൾക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പോഷൺ ആപ്പിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി കേന്ദ്രസർക്കാർ ജീവനക്കാർക്ക് 4ജി ഫോണുകളും സിമ്മുകളും നൽകിയിരുന്നെങ്കിലും നെറ്റ്വർക്ക് ലഭ്യതക്കുറവ് വലിയ പ്രതിസന്ധിയായിരുന്നു.
ഇതോടെ പല ജീവനക്കാരും സ്വന്തം മൊബൈൽ ഫോണുകളിലായിരുന്നു പോഷൺ ആപ്പ് ഉപയോഗിച്ചിരുന്നത്. തുടർച്ചയായ ഉപയോഗം മൂലം ഫോണുകൾ ഹാങ്ങാകുകയും പുതിയ ഫോണുകൾ വാങ്ങാൻ വായ്പയെടുക്കേണ്ട സാഹചര്യം വരെ ഉണ്ടാകുകയും ചെയ്തിരുന്നു.
ജീവനക്കാരുടെ ഈ ദുരിതം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാർക്ക് പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങി നൽകാനുള്ള സർക്കാർ തീരുമാനം. പുതിയ ഫോണുകൾ ലഭിക്കുന്നതോടെ അങ്കണവാടികളിലെ ഡിജിറ്റൽ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷ.