കൊഴിഞ്ഞാമ്പാറ കൊലപാതകം; നിവേദ്യയുടെ ആൺസുഹൃത്ത് അറസ്റ്റിൽ, കൊലയിൽ നേരിട്ട് പങ്കെന്ന് പൊലീസ്

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. എ. മാർട്ടിൻ ഇഗ്നേസിയസ് (36) ആണ് അറസ്റ്റിലായത്. മാർട്ടിന് കൊലയിൽ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ അമ്മ നിവേദ്യയും കുടുംബവും താമസിച്ചിരുന്ന വാടക വീടിന് സമീപത്താണ് മാർട്ടിനും താമസിച്ചിരുന്നത്. നിവേദ്യയും മാർട്ടിനും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. നിവേദ്യയുമായി നടത്തിയ തെളിവെടുപ്പിന് പിന്നാലെ തോന്നിയ സംശയത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

ഒക്‌ടോബർ ആദ്യമാണ് കൊലപാതകം നടന്നത്. അഞ്ചും മൂന്നും വയസുള്ള കുഞ്ഞുങ്ങളെ വീട്ടിലെ കുളിമുറിക്കുള്ളിലെ ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മകളായ ജെനിഫർ ജൂലിയറ്റും (അഞ്ച്), മകൻ റോബിൻ ക്രിസ്റ്റഫറുമാണ് (മൂന്ന്) കൊല്ലപ്പെട്ടത്. കൃത്യം നടക്കുമ്പോൾ നിവേദ്യയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് ജോൺകുമാർ ജോലിക്ക് പോയിരിക്കുകയായിരുന്നു.

വെള്ളത്തൊട്ടിയിൽ കളിക്കുകയായിരുന്ന ജെനിഫർ ജൂലിയറ്റിനെ തലയിൽ പിടിച്ച് ബലമായി വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പുറത്ത് കളിക്കുകയായിരുന്ന മകൻ റോബിൻ ക്രിസ്റ്റഫറിനെ കുളിമുറിയിലെത്തിച്ച് തൊട്ടിയിൽ തള്ളിയിട്ടശേഷം മുതുകിൽ പിടിച്ച് അമർത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്വതന്ത്ര ജീവിതത്തിന് കുട്ടികൾ തടസമാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നാണ് നിവേദ്യ പൊലീസിന് മൊഴി നൽകിയത്. എന്നാലിത് പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *