കോടഞ്ചേരിയിൽ കത്തിക്കുത്ത്; യുവാവ് മരിച്ചു, രണ്ടുപേർക്ക് പരിക്ക്, ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: കോടഞ്ചേരി നൂറാംതോട് ചാമുണ്ടിയിലുണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നൂറാംതോട് സ്വദേശി ജിതിൻ (29) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്‌ച അർദ്ധരാത്രിയായിരുന്നു സംഭവം. സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കുത്തേറ്റയുടൻ തന്നെ ജിതിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു.

ജിതിന്റെ സഹോദരനായ ജിബിനും സുഹൃത്തായ സുരേഷിനും പരിക്കേറ്റിട്ടുണ്ട്. ജിബിന്റെ കാലിലുള്ള പരിക്ക് സാരമല്ല. എന്നാൽ, സുരേഷിന്റെ പരിക്ക് അതീവ ഗുരുതരമാണെന്നാണ് വിവരം. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സുഹൃത്തായ ബിജുവാണ് മൂന്നുപേരയും ആക്രമിച്ചത്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വ്യക്തിപരമായ മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *