ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റിൽ നിരുപാധികം മാപ്പുപറഞ്ഞ് കെപിസിസി; ‘അത് പാർട്ടി നിലപാടല്ല’

തിരുവനന്തപുരം: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ വിവാദ എക്സ് പോസ്റ്റിൽ നിരുപാധികം മാപ്പുപറഞ്ഞ് കെപിസിസി. പാർട്ടിയുടെ അനുമതിയില്ലാതെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും ഉത്തരവാദിയായ വ്യക്തിയെ ചുമതലകളിൽനിന്ന് നീക്കിയെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. സുപ്രീം കോടതി അഭിഭാഷകന്റെ നോട്ടീസിന് മറുപടിയായാണ് വിശദീകരണം നൽകിയത്.

ചീഫ് ജസ്റ്റിസിന്റെ രാജി ആവശ്യപ്പെടുന്നത് കോൺഗ്രസ് നിലപാടല്ലെന്നും വിവാദ പരാമർശം ശ്രദ്ധയിൽപ്പെട്ട ഉടൻ നീക്കം ചെയ്തെന്നും കെപിസിസി വ്യക്തമാക്കി. വിജയ് തോട്ടത്തിൽ എന്നയാളാണ് പാർട്ടിയുടെ അറിവില്ലാതെ പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നാണ് വിശദീകരണം.

'നിയമവും ക്രമസമാധാനവും നിങ്ങളുടെ പരിധിയിൽ വരുന്നതല്ലെങ്കിൽ ഇപ്പോൾ തന്നെ രാജിവയ്ക്കൂ. അത് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരാളെ ഞങ്ങൾ പകരം കണ്ടെത്തിക്കൊള്ളാം' എന്നായിരുന്നു വിവാദ പോസ്റ്റിലെ പരാമർശം. വിമർശനം ഉയർന്നതിനെ തുടർന്ന് പോസ്റ്റ് പിൻവലിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം നൽകിയിരുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ചിനിടെയായിരുന്നു വിവാദ എക്‌സ് പോസ്റ്റ് കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ ഔദ്യോഗിക എക്‌സ് പേജില്‍ പ്രത്യക്ഷപ്പെട്ടത്. വിവാദമായതോടെ കുറിപ്പ് പിന്‍വലിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *