‘ഞാനാണ് നിന്റെ ബോസ്’; വനിതാ ഉദ്യോഗസ്ഥയോട് തട്ടിക്കയറി ഐഎഎസ് ഉദ്യോഗസ്ഥൻ, അന്വേഷണത്തിന് ഉത്തരവ്

ശ്രീനഗർ: ഓൺലൈൻ യോഗത്തിനിടെ വനിതാ കീഴുദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ജമ്മു കാശ്‌മീർ സർക്കാർ. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.

ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് വകുപ്പ് സെക്രട്ടറി കുമാർ രാജീവ് രഞ്ജനെതിരെയാണ് നടപടി. സംരംഭകത്വവും സ്വയംതൊഴിലും പ്രോത്സാഹിപ്പിക്കുന്ന 'മിഷൻ യുവ' പദ്ധതിയുടെ അവലോകന യോഗത്തിനിടെയായിരുന്നു വിവാദ സംഭവം. യോഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ ചർച്ചയായി.

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എൻആർഎൽഎം) പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ അസിസ്റ്റന്റ് ഡയറക്ടർ ബീനിഷ് വാനിയോടാണ് രഞ്ജൻ ക്ഷുഭിതനായി സംസാരിച്ചത്. 'മിണ്ടാതിരിക്കൂ, മിണ്ടാതിരിക്കൂ, വിശദീകരിക്കേണ്ട' എന്ന് രഞ്ജൻ ആക്രോശിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. സംസാരിക്കാൻ അനുവദിക്കാത്തതിനെ വാനി ചോദ്യം ചെയ്തതോടെ രഞ്ജൻ ഇവർക്കെതിരെ അസഭ്യ വാക്കുകൾ പ്രയോഗിച്ചെന്നാണ് ആരോപണം. ഇതിനെതിരെ വാനി പ്രതികരിച്ചപ്പോൾ 'ഞാനാണ് നിങ്ങളുടെ മേലധികാരി' എന്ന് രഞ്ജൻ മറുപടി നൽകി. പിന്നാലെ വാനിയെ സസ്‌പെൻഡ് ചെയ്യണമെന്നും ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു.

വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇടപെട്ടു. വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കരുതെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറി അതുൽ ദുല്ലുവിന് മുഖ്യമന്ത്രി നിർദേശം നൽകി. സംഭവത്തിൽ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മേൽ നടപടികൾ സ്വീകരിക്കുക. അഡീഷണൽ സെക്രട്ടറി അമിത് വെർമാനിക്കാണ് അന്വേഷണ സമിതിയുടെ അദ്ധ്യക്ഷ ചുമതല. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *