കൊൽക്കത്തയിലെ തിരക്കേറിയ റോഡിൽ ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ ഫുട്പാത്തിൽ കഴിയുന്ന കുട്ടിക്ക് പാഠം പറഞ്ഞുകൊടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. കൊൽക്കത്ത പൊലീസ് സർജന്റ് പ്രകാശ് ഘോഷാണ് ഡ്യൂട്ടിക്കിടയിലെ സമയം കണ്ടെത്തി ആകാശ് റാവത്ത് എന്ന കുട്ടിയെ പഠിപ്പിക്കുന്നത്. സൗത്ത് പോയിന്റ് സ്കൂളിനും ഗരിയഹട്ട്-ബാലിഗഞ്ച് മേഖലയ്ക്കും സമീപം ഡ്യൂട്ടിയിലിരിക്കെയാണ് കുട്ടിയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടത്.
പ്രകാശ് ഘോഷ് പോലീസ് സേനയിൽ ചേരുന്നതിന് മുമ്പ് മുർഷിദാബാദിലെ ജംഗിപുരിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. വിദ്യാഭ്യാസത്തിൽ മാസ്റ്റേഴ്സ് ബിരുദവും നേടിയിട്ടുണ്ട്. ഫുട്പാത്തിൽ കഴിയുന്ന ആകാശിന് പഠനത്തിൽ വലിയ പിന്നാക്കാവസ്ഥയുണ്ടെന്ന് മനസിലാക്കിയതോടെയാണ് കുട്ടിയെ പഠിപ്പിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങിയത്. കോവിഡ് കാലത്തെ ലോക്ക്ഡൗണും സ്കൂൾ അടച്ചിടലും ആകാശിന്റെ പഠനത്തെ സാരമായി ബാധിച്ചിരുന്നു.
ആകാശിന്റെ അമ്മ സുനിത ഫുട്പാത്തിൽ ചെറിയ ഭക്ഷണവിൽപ്പന നടത്തിയാണ് കുടുംബം നോക്കുന്നത്. ദിവസവും ഏകദേശം 150 മുതൽ 200 രൂപ വരെയാണ് വരുമാനം. ഒന്നര വർഷത്തോളം മുമ്പ് ഐടിഐയിൽ ജോലി ചെയ്തിരുന്ന ആകാശിന്റെ പിതാവ് മരിച്ചതോടെയാണ് കുടുംബം ഫുട്പാത്തിൽ കഴിയേണ്ടിവന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടെ മകന്റെ പഠനത്തിന് അധിക സഹായം നൽകാൻ അമ്മയ്ക്ക് കഴിയാത്ത സാഹചര്യത്തിലായിരുന്നു പ്രകാശ് ഘോഷിന്റെ ഇടപെടൽ.
തുടക്കത്തിൽ പഠനത്തിൽ താൽപര്യം കാണിക്കാതിരുന്ന ആകാശിനെ ക്ഷമയോടെയാണ് പോലീസ് ഉദ്യോഗസ്ഥൻ പഠിപ്പിച്ചത്. ഡ്യൂട്ടിക്കിടെ ലഭിക്കുന്ന സമയമാണ് ഇതിനായി അദ്ദേഹം ഉപയോഗിച്ചത്. ക്രമേണ കുട്ടിയിൽ പഠനത്തോടുള്ള താൽപര്യം വർധിച്ചതായി അമ്മയും പറയുന്നു. ട്രാഫിക് നിയന്ത്രിക്കുന്നതിനൊപ്പം ഫുട്പാത്തിൽ ഒരു കുട്ടിയുടെ പഠനത്തിനും സമയം കണ്ടെത്തിയ ‘ഖാക്കി ഗുരുജി’യുടെ ഈ പ്രവൃത്തിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൈയടി നേടുന്നത്.