ഗ്രേറ്റര്‍ നോയിഡ: യമുന എക്‌സ്പ്രസ് വേയില്‍ സ്ലീപ്പര്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ ഒമ്പത് പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ ബസിന് തീപിടിക്കുമ്പോള്‍ 34-ല്‍ അധികം യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. നോയിഡയില്‍ നിന്നും ഉത്തര്‍പ്രദേശിലെ മഹോബയിലേക്ക് പോകുകയായിരുന്ന ബസ്.
ഭൂരിഭാഗം യാത്രക്കാരും ഉറങ്ങുകയായിരുന്നു. നിരവധി യാത്രക്കാര്‍ ബസിന്റെ ജനലുകളിലൂടെ ചാടി രക്ഷപ്പെട്ടു. കുടുങ്ങിപ്പോയ വരാണ് വെന്തു മരിച്ചത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സംഘവും ജേവാര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ബസ് കത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബസിനുളളില്‍ തീയും പുകയും കാരണം ഒന്നും കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല.
ബസിന്റെ പിന്നിലിരുന്നവരാണ് അപകടത്തിനിരയായത്. ഇവര്‍ക്ക് വാതിലിനരികിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. അപകടം മനസ്സിലാക്കി വന്നപ്പോള്‍ യാത്രക്കാര്‍ രക്ഷപ്പെടാന്‍ തിരക്ക് കൂട്ടി. തിക്കിലും തിരക്കിലും പലര്‍ക്കും പരിക്കേല്‍ക്കാന്‍ കാരണമായത്. ഉറങ്ങുമ്പോള്‍ വാതിലില്‍ ഒരു പൊട്ടിത്തെറി ശബ്ദം കേട്ടെന്നും ഉടന്‍ തന്നെ മറ്റുള്ളവര്‍ക്ക് അപായസൂചന നല്‍കിയെന്നും ഒരു യാത്രക്കാരന്‍ പ്രതികരിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികള്‍ വിലയിരുത്തുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാനും യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പരിക്കേറ്റവര്‍ക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരേ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.