തിരുവനന്തപുരം: ഓടുന്ന ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ ആൾ പിടിയിൽ. ഇന്ന് രാവിലെ മലബാർ എക്സ്പ്രസിൽ വച്ചാണ് യുവതിക്ക് അതിക്രമം നേരിട്ടത്. ആറ്റിങ്ങൽ സ്വദേശി വിജീഷ് എന്നയാളെ പേട്ട റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് പൊലീസ് പിടികൂടിയത്.
ട്രെയിനുള്ളിൽ വെച്ച് യുവതിയോട് ലൈംഗികാതിക്രമം കാണിച്ച യുവാവിനെ ആദ്യം യാത്രക്കാർ ഇടപെട്ട് പിന്തിരിപ്പിച്ചു. തുടർന്ന് പേട്ട റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ യുവതിയെ വിജീഷ് പിന്തുടർന്ന് ആക്രമിച്ചു. യുവതി പരാതിപ്പെടുമെന്ന് പറഞ്ഞതോടെ അടിച്ചുവീഴ്ത്തുകയായിരുന്നു. തുടർന്ന്, ട്രെയിനടിയിലേക്ക് വലിച്ചിടാൻ ശ്രമിച്ചുവെന്നും യുവതി പറഞ്ഞു.
ചിറയിൻകീഴിൽ നിന്ന് പേട്ടയിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. ഇത് പ്രതിരോധിക്കാൻ ശ്രമിച്ചുവെങ്കിലും വിജീഷ് ലൈംഗിക ചേഷ്ടകളും അതിക്രമവും തുടരുകയായിരുന്നു. പേട്ട സ്റ്റേഷനിൽ ഇറങ്ങിയ യുവതിയെ ഇയാൾ പിന്തുടർന്നതോടെ പരാതിപ്പെടുമെന്ന് യുവതി പറഞ്ഞു. ഇതോടെ പൊലീസിൽ പറയാൻ പറഞ്ഞുകൊണ്ട് മുഖത്ത് ഇടിക്കുകയും തള്ളി നിലത്തിടുകയും ചെയ്തു. നിലത്തുവീണ യുവതിയെ ചവിട്ടാൻ ശ്രമിച്ചതോടെ ചുറ്റും നിന്നവർ ഇയാളെ തടയുകയായിരുന്നു.